തമിഴ്‌നാട് മുഖ്യമന്ത്രിയാകുവാന്‍ തയ്യാറായി ശശികല ; നാളെ എംഎല്‍എമാരുടെ യോഗം
ചെന്നൈ : നിയുക്ത മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ മാറ്റി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുവാന്‍ സാധ്യത. നാളെ നടക്കുന്ന പാർട്ടി എം.എൽ.എമാരുടെ യോഗം അതിനിർണായകമാവും. ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പന്നീർസെൽവം ചിന്നമ്മക്കായി ഒഴിയേണ്ടിവരും. ശശികല മുഖ്യമന്ത്രിയാവണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സമയത്ത് സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു ശശികലയുടെ പ്രതികണം. ജെല്ലിക്കെട്ട് വിഷയത്തിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയേറ്റ സമയമാണ് ശശികല മുഖ്യമന്ത്രിയാവാൻ തെരഞ്ഞെടുത്തിരിക്കുന്നത്. ജയലളിതയുടെ ഉപദേശകയായിരുന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീലാ ബാലകൃഷ്ണൻ അടക്കം തമിഴ്നാട് സർക്കാറിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ഇത് ശശികലയുടെ സ്ഥാനാരോഹണവുമായാണ് തമിഴ് മാധ്യമങ്ങൾ ബന്ധിപ്പിക്കുന്നത്. താൻ പാർട്ടി നേതൃസ്ഥാനത്തെത്തിയതിനെതിരെ കലാപക്കൊടി ഉയർത്തിയ വിമതനേതാക്കൾക്ക് ശശികല പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ നൽകിയിരുന്നു.നാളെ നടക്കുന്ന എം.എൽ.എമാരുടെ യോഗത്തിൽ ചില നിർണായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി പറഞ്ഞു. നേരത്തേ തനിക്കെതിരായ കേസുകളിലെ വിധി വന്നതിനു ശേഷം മുഖ്യമന്ത്രി ആയാല്‍ മതിയെന്നായിരുന്നു ശശികലയുടെ തീരുമാനം. പാര്‍ട്ടിയ്ക്കകത്തും വെള്ളിയാഴ്ച ശശികല ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെയുടെ ചെന്നെയിലെ ആസ്ഥാനത്ത് നാളെ രാവിലെ പത്തിന് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. യോഗത്തില്‍ ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.