പനിനീര്‍ ശെല്‍വം രാജിവെച്ചു ; തമിഴ്‌നാട്‌ ഇനി ചിന്നമ്മ ഭരിക്കും

ചെന്നൈ : അമ്മ പോയെങ്കിലും തമിഴ് മക്കള്‍ക്ക് ഇനി ചിന്നമ്മ തുണൈ. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകുന്നു. ഇതിന് മുന്നോടിയായി ശശികലയെ അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി പാർട്ടി എം.എൽ.എമാർ തെരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടു ദിവസത്തിനകം ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പാർലമെന്‍ററി പാർട്ടിയോഗത്തിൽ നിലവിലെ മുഖ്യമന്ത്രി ഒ. പനീർശെൽവം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിർദേശിച്ചു. തുടർന്ന് അംഗങ്ങൾ ശശികലയെ പിന്തുണക്കുകയായിരുന്നു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് അണ്ണാ ഡി.എം.കെ ഔദ്യോഗികമായി ഗവർണർ സി. വിദ്യാസാഗർ റാവുവിന് കൈമാറും.

അതേസമയം, ശശികല അധികാരത്തിൽ ഏറുന്നതിന് മുന്നോടിയായി ഒ. പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി പദത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും പനീർശെൽവം നന്ദി പറഞ്ഞു. ജയലളിത കാണിച്ച വഴിയിലൂടെ ഇനി തമിഴ്നാടിനെ ചിന്നമ്മ നയിക്കുെമന്ന് പനീർശെൽവം ട്വിറ്ററിലൂടെ അറിയിച്ചു. ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് പനീർശെൽവം മുഖ്യമന്ത്രിയായത്. ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. നിലവിൽ അണ്ണാ ഡി.ഐ.കെയുടെ താൽകാലിക ജനറൽ സെക്രട്ടറിയാണ് ശശികല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ശശികല ആറു മാസത്തിനുള്ളിൽ ഏതെങ്കിലും നിയമസഭ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പടണം. ജയലളിത പ്രതിനിധീകരിച്ച ആർ.കെ നഗറോ മറ്റേതെങ്കിലും സുരക്ഷിത മണ്ഡലമോ ശശികല മത്സരിക്കാനാണ് സാധ്യത.