ജയലളിതയുടെ മരണം: ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനി ഡോ. റിച്ചാര്‍ഡ് ബിയലിയുടെ വെളിപ്പെടുത്തല്‍


ന്യൂ ഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം സംബന്ധിച്ച് ഡോ റിച്ചാര്‍ഡ് ബിയലി മാധ്യമങ്ങളോട് വിവരങ്ങള്‍ വെളിപ്പെടുത്തി. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘതലവനായിരുന്നു ഡോ. റിച്ചാര്‍ഡ് ബിയലി. ജയലളിതയുടെ മരണത്തെക്കുറിച്ചുയരുന്ന ദുരൂഹതകള്‍ നീക്കം ചെയ്യലാണ് വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഡോ.ബിയലി അറിയിച്ചു.

‘ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജയലളിതയുടെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നു. ഇത് സെപ്സിസ് രോഗത്തിന് കാരണമായിരുന്നു. അവരുടെ മുഖത്തും ശരീരത്തിലും കണ്ട പാടുകള്‍ ഒരിക്കലും ശസ്ത്രക്രിയയുടേതോ അവയവം മുറിച്ചുമാറ്റിയതിന്റേതോ ആയിരുന്നില്ല. അത് മെഡിക്കല്‍ ടേപ്പിന്റേതായിരിക്കാം. രക്തത്തില്‍ അമിതമായുണ്ടായ സമ്മര്‍ദ്ദം ജയലളിതയുടെ അവസ്ഥ മോശമാക്കിയിരുന്നു. നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ ഷുഗറും നിര്‍ജ്ജലീകരണവും, യൂറിനറി ഇന്‍ഫക്ഷനും അവരെ ബാധിച്ചിരുന്നു. സെപ്സിസ് രോഗവുമായി ആസ്പത്രിയില്‍ എത്തുമ്പോഴും ജയലളിതക്ക് ബോധമുണ്ടായിരുന്നുവെന്നും ചികിത്സയോട് അവര്‍ പ്രതികരിച്ചിരുന്നതായും’ റിച്ചാര്‍ഡ് ബെയ്ലി പറയുന്നു.

ശ്വാസകോശ സംബന്ധമായ രോഗം കൂടി ജയയെ ബാധിച്ചിരുന്നു. ഇത് അവരുടെ അവയവങ്ങളെ താറുമാറാക്കി. അത്യാസന്ന നിലയിലായിരിക്കുമ്പോഴും ജയലളിത സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. യാതൊരു തരത്തിലുള്ള ശസ്ത്രക്രിയയോ മറ്റോ നടന്നിട്ടില്ലെന്നും സെപ്സിസ് മൂലമാണ് മരണം സംബന്ധിച്ചതെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.