തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യും


ചെന്നൈ: മദ്രാസ് സര്‍വ്വകലാശാല ഹാളില്‍ നാളെ രാവിലെ ഒന്‍പതിനു നടക്കുന്ന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി വി.കെ ശശികല നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തമിഴ്നാടിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും ശശികല. നേരത്തെ എം.ജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും മുഖ്യമന്ത്രിയായിട്ടുണ്ട്.

ജയലളിത മരിച്ച ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒ പനീര്‍സെല്‍വം രാജി വെച്ചിരുന്നു. തുടര്‍ന്നാണ് ശശികല രംഗപ്രവേശം ചെയ്തത്. വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞ എന്നാണ് പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ശശികലയുള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ സുപ്രീംകോടതി വിധി ഒരാഴ്ച്ചക്കകം വരുമെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇത് ശശികലയെ പ്രതികൂലമായി ബാധിക്കുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാകും.