ബാര്‍കോഴകേസ് വെളിപ്പെടുത്തല്‍: കപില്‍ സിബലിന്റെ ഫീസ് മുപ്പത്തി അഞ്ച് ലക്ഷവും പതിനായിരം രൂപയും


തിരുവനന്തപുരം: ബാര്‍കോഴകേസില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്തുവാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് വക്കീല്‍ ഫീസായി മുപ്പത്തി അഞ്ച് ലക്ഷത്തി പതിനായിരം രൂപ സര്‍ക്കാര്‍ നല്‍കിയ വിവരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ആദ്യമായി വെളിപ്പെടുത്തി. കൂടാതെ കപില്‍ സിബലിന്റെ ജൂനിയര്‍ അഭിഭാഷകന്‍ മുഹമ്മദ് നിസാമുദ്ദീന്‍ പാഷയ്ക്ക് രണ്ട് ലക്ഷം രൂപയും കൊടുത്തതായി വെളിപ്പെടുത്തി.

വിവരാവകാശനിയമ പ്രകാരം 2015 നവംബര്‍ 14 ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കിയ അപേക്ഷ നിരസിച്ചതിനെതിരെ ജോമോന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് നല്‍കിയ അപ്പീല്‍ പെറ്റീഷന് മേല്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയവേളയില്‍ ബാര്‍കോഴ കേസ് ഹൈക്കോടതിയുടെ പരിഗണനയിലും വിജിലന്‍സിന്റെ ടോപ് സീക്രട്ട് സെക്ഷനിലായതിനാല്‍ വിവരം വെളിപ്പെടുത്താനാകില്ലെന്ന വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ട് വിവരം നല്‍കുവാന്‍ സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവിട്ടു.

തുക ചെലവായത് സംബന്ധിച്ച വിവരം ലഭ്യമല്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ അപേക്ഷകന്‍ അപേക്ഷ നല്‍കണമെന്ന് വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി വിവരാവകാശ നിയമപ്രകാരം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിലയിരുത്തി. ഹര്‍ജിക്കാരന്റെ അപേക്ഷ.യുടെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ എസ്.പി.ഐ.ഒ യ്ക്ക് അയച്ചുകൊടുക്കേണ്ട ബാധ്യത വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ എസ്.പി.ഐ.ഒ. യക്ക് തീര്‍ച്ചയായും ഉണ്ടെ് മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ എസ്.പി.ഐ.ഒ. എ. ശ്രീകുമാരി വീഴ്ച വരുത്തിയതിന് വിവരാവകാശനിയമം 20(1) വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായതിനാല്‍ നടപടി സ്വീകരിക്കുവാന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.

ബാര്‍കോഴകേസ് വിധിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുതിന് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ എസ്.പി.ഐ.ഒ. മറുപടി നല്‍കിയത്. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വിവരങ്ങളൊന്നും തന്നെ ബന്ധപ്പെട്ട സെക്ഷനിലെ രേഖകളില്‍ നിന്നും വ്യക്തമല്ലയെന്നാണ് ഇപ്പോള്‍ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.