കൈലാഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍ സമ്മാനം മോഷണം പോയതായി റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം. നൊബേല്‍ സമ്മാനം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെമിനാറില്‍ പങ്കെടുക്കുന്നതിനായി സത്യാര്‍ത്ഥി അമേരിക്കയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.

എന്നാല്‍ നൊബേല്‍ സമ്മാനത്തിന്റെ പകര്‍പ്പാണ് നഷ്ടമായതെന്ന് സത്യാര്‍ത്ഥിയുടെ ഓഫീസ് അറിയിച്ചു. യഥാര്‍ത്ഥ നൊബേല്‍ രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നതെനാണു അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസുഫ്സായിക്കൊപ്പം 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് സത്യാര്‍ത്ഥി.