മദ്യപിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ പേടി ഈ പ്രിന്‍സിപ്പല്‍ താമസിക്കുന്നത് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ; കൂട്ടിന് അശ്ളീല പ്രയോഗങ്ങളും

പത്തനംതിട്ട : സ്വാശ്രയ കോളേജ് അധികൃതര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനുഷികമായ ഒരു പരിഗണനയും നല്‍കുന്നില്ല എന്നതിന് ഒരു തെളിവ് കൂടി. നെഹ്‌റു, ടോംസ്, അമല്‍ ജ്യോതി, ലോ അക്കാദമി എന്നി കോളേജുകള്‍ക്ക് പിന്നാലെ പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിങ് കോളേജിലും വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്. കോളേജ് പ്രിന്‍സിപ്പല്‍ ജൂബിലിയന്റ് ജെ. കിഴക്കേത്തോട്ടം മദ്യപിച്ചെത്തി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നതായി പരാതി. മദ്യപിച്ചു കഴിഞ്ഞാല്‍ നമ്മുടെ പ്രിന്‍സിപ്പലിന് വീട്ടില്‍ പോകാന്‍ ഭയമാണ്. അതുകൊണ്ട് നേരെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ് അദ്ദേഹം അഭയം പ്രാപിക്കുന്നത്. അതുമല്ല ഇന്റേണല്‍ മാര്‍ക്ക് ലഭിക്കണമെങ്കില്‍ ലൈംഗികച്ചുവയോടെ അദ്ധ്യാപകരോട് സംസാരിക്കണം എന്നതാണ് ഇവിടുത്തെ പ്രധാന നിബന്ധനയെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ആരോപിച്ചു. പ്രിന്‍സിപ്പല്‍ മദ്യപിച്ചെത്തി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോളജ് വിദ്യാര്‍ത്ഥികള്‍ പൊലീസിലും യുവജന കമ്മീഷനും പരാതി നല്‍കിയിരുന്നു.പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. സമരത്തിന്റെ ഭാഗമായി എസ്എഫ്‌ഐ, കെഎസ്യു, എബിവിപി സംഘടനകള്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. പുറത്താക്കിയ നാല് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നു. കോളേജിനെതിരെ സര്‍വ്വകലാശാലയില്‍ പരാതിപ്പെട്ടാല്‍ എംജി യൂണിവേഴ്‌സിറ്റി പ്രൊ വിസിയായി ഷീനാ ഷുക്കൂര്‍ ഉള്ളതിനാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഏതു പരാതിയും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് ഷീനാ ഷുക്കൂര്‍ പറയുന്നു. തന്റെ ബന്ധുക്കളാണ് കോളേജ് മാനേജ്‌മെന്റിലുള്ളതെന്ന് പറയുന്നത് തെറ്റാണെന്നും ഷീന വ്യക്തമാക്കി.അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.