തമിഴ് രാഷ്ട്രീയത്തില്‍ സിനിമകളെ വെല്ലുന്ന രംഗങ്ങള്‍ ; ശശികലയുടെ തടവിലുള്ള എം.എൽ.എമാർ ആഡംബര ‘ജയിലിൽ’

ചില രാഷ്ട്രീയ സിനിമകളെ വെല്ലുന്ന തരത്തിലുള്ള രംഗങ്ങള്‍ക്ക് സാക്ഷിയാവുകയാണ് തമിഴകം. തനിക്കൊപ്പമുള്ള 131 എംഎല്‍എമാരെ എന്തു വിലകൊടുത്തും നിലനിര്‍ത്താന്‍ പതിനെട്ട് അടവും പയറ്റുകയാണ് ശശികല. ഇതിനായി ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലാണ് ഇവരെ മാറ്റിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടല്‍ത്തീരം, മസാജിങ്ങ്, വാട്ടര്‍ സ്‌കീയിങ് എന്നീ സൗകര്യങ്ങളാണ് ഈ ഹോട്ടലുകളിൽ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍, എം.എൽ.എമാരിലൊരാളായ എസ്.പി ഷണ്‍മുഖാനന്ദന്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന ഹോട്ടലിൽ നിന്ന് മുങ്ങി പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഭരണപക്ഷ എംഎല്‍എമാര്‍ രണ്ടു പക്ഷത്തായി വേര്‍തിരിഞ്ഞത്. പനീര്‍ശെല്‍വത്തിനൊപ്പം മൂന്ന് എംഎല്‍എമാര്‍ മാത്രമാണുള്ളതെങ്കിലും കൂടുതല്‍ പേര്‍ തനിക്കൊപ്പം വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഒപ്പമുള്ളവര്‍ മറുകണ്ടം ചാടാതിരിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും പാരിതോഷികങ്ങളും നല്‍കി പിടിച്ചുനിര്‍ത്തുകയാണ് ശശികലയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പന്നീര്‍ശെല്‍വത്തിനൊപ്പം നിൽകുമെന്ന് ഭയന്ന് എം.എൽ.എമാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ടെലിഫോണോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും സൂചനയുണ്ട്. അതേസമയം കാലുമാറിയേക്കുമെന്ന് സംശയമുള്ള ചില എം.എൽ.എമാരെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയിലെ 134 എം.എൽ.എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എം.എൽ.എമാര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എം.എൽ.എമാര്‍ കൂറുമാറുമെന്നാണ് പന്നീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ.