രാത്രി മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല ; സ്ത്രീകള്‍ പകല്‍ മാത്രം വന്നാല്‍ മതി എന്ന് മാര്‍ത്തോമാ സഭ


മാരാമണ്‍: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം സാധ്യമല്ലെന്ന് മാര്‍ത്തോമാ സഭ. ജോസഫ് മാര്‍ത്തോമാ മെത്രോപ്പോലീത്തയാണ് കണ്‍വെന്‍ഷനില്‍ രാത്രി സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ വിശ്വാസികള്‍ അത് അംഗീകരിക്കില്ല എന്ന് പറഞ്ഞത്. ചരിത്രത്തില്‍ ഇതുവരെ രാത്രി യോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിട്ടില്ല എന്നും പകല്‍ ഉള്ള 4 സുവിശേഷ യോഗത്തില്‍ സ്ത്രീകള്‍ക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പഴയ കാലത്തില്‍ വാഹനസൌകര്യം ഇല്ലാത്തതും മറ്റു പ്രശ്‌നങ്ങളും കാരണമാണ് സ്ത്രീകളെ രാത്രി യോഗത്തില്‍ നിന്നും മാറ്റിനിര്‍ത്തിയത്. എന്നാല്‍ മാര്‍ത്തോമാ സഭയുടെ തന്നെ റാന്നി, ആറാട്ടുപുഴ, അടൂര്‍, കൊട്ടാരക്കര, കോട്ടയം, ചുങ്കത്തറ കണ്‍വെന്‍ഷനുകളിലെ രാത്രിയോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുമില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളെ യോഗത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.എന്നാല്‍ പുതുവത്സരദിനത്തില്‍ സഭയുടെ എല്ലാ ഇടവകകളിലും രാത്രി 12ന് നടക്കുന്ന പ്രാര്‍ത്ഥനയിലും ഈസ്റ്റര്‍ ദിനത്തില്‍ ഇടവകകളില്‍ പുലര്‍ച്ചെ നടക്കുന്ന യോഗങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട് ഇവിടെയെങ്ങുമില്ലാത്ത സുരക്ഷാപ്രശ്‌നം മാരാമണില്‍ എങ്ങനെയുണ്ടാകുമെന്നും ചോദ്യം ഉയരുന്നുണ്ട്. കൂടാതെ പഴയ കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമായി ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നവരും വ്യാപാരം നടത്തുന്നവരുമാണ്. ജോലി കഴിഞ്ഞെത്തി കുടുംബമായി യോഗത്തില്‍ പങ്കെടുക്കാന്‍ ഈ വിലക്ക് നീക്കിയാല്‍ സാധിക്കുമെന്ന് വിചാരിക്കുന്ന ഒരു വിഭാഗവുമുണ്ട്.