ബിവറേജസിനു വേണ്ടി കോട്ടയത്ത് കുടിയന്മാരുടെ ജാഥയും സമരവും (വീഡിയോ)

കേരളത്തിലെ കുടിയന്മാരുടെ വാര്‍ത്തകള്‍ നാം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കണ്ടുപഴകിയ ഒന്നാണ്. കേരള സംസ്ഥാനം നിലനില്‍ക്കുന്നത് കുടിയന്മാരുടെ കാശ് കൊണ്ടാണ്, കുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്നിങ്ങനെ മലയാളികള്‍ സ്ഥിരമായി പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറുകയാണ്‌. ധാരാളം ഉണ്ടെങ്കിലും ഇതുവരെ സംഘടിതമായ ഒരു ശക്തിയായി നമ്മുടെ കുടിയന്മാര്‍ മാറിയിരുന്നില്ല. ആ ചീത്തപ്പേര് മാറ്റിയിരിക്കുകയാണ് കോട്ടയത്തെ ചേട്ടന്മാര്‍. സര്‍ക്കാര്‍ എന്ത് പറഞ്ഞാലും ചെയ്താലും മൌനമായി അനുസരിച്ച് പോന്നിരുന്ന അവരും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി തുടങ്ങി കഴിഞ്ഞു. മദ്യവില്‍പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കടുത്തുരത്തിയില്‍ മദ്യപര്‍ ചേര്‍ന്ന് വന്‍പ്രകടനം നടത്തി. ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ് മദ്യവില്‍പനശാല സംരക്ഷിക്കുവാനായാണ് കുടിയന്‍മാര്‍ സംഘടിച്ചെത്തിയത്. കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബിവറേജസ് മദ്യവില്‍പനശാല സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമീപപ്രദേശമായ ആദിത്യപുരത്തേക്ക് മാറ്റി. പുതിയ മദ്യവില്‍പനശാല ആരംഭിക്കുന്നതിനായി ആദിത്യപുരത്ത് കെട്ടിട്ടം കണ്ടെത്തുകയും ബില്‍ കൗണ്ടറുകളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ മദ്യവില്‍പനശാല ആരംഭിക്കുന്ന വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തെ രാഷ്ട്രീയസംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും പ്രതിഷേധവുമായി എത്തി. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്യവില്‍പനശാല ആദിത്യപുരത്ത് നിന്ന് മാറ്റിയേക്കും എന്ന അവസ്ഥ വന്നതോടെയാണ്‌ പ്രദേശത്തെ കുടിയന്‍മാര്‍ സംഘടിച്ചെത്തിയത്. മദ്യസേവാസമിതി എന്ന പേരില്‍ സംഘടിച്ചെത്തിയ കുടിയന്‍മാര്‍ ആദിത്യപുരത്ത് തന്നെ മദ്യവില്‍പനശാല വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. നാട്ടിലെവിടെയും കഞ്ചാവും വ്യാജമദ്യവും സുലഭമാണ് എന്നിരിക്കെ ഗുണനിലവാരമുള്ള മദ്യം ലഭിക്കാന്‍ നാട്ടില്‍ തന്നെ സര്‍ക്കാര്‍ മദ്യശാല വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവിശ്യം.