നൂറില്‍ 104മായി ഭാരതത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി ഐ എസ് ആര്‍ ഓ ; പിന്നിലായത് അമേരിക്കയും റഷ്യയും

ബംഗളൂരു : ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശ വിക്ഷേപണത്തില്‍ ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് പി.എസ്.എല്‍.വി സി-37 ബഹിരാകാശ വാഹനം 104 ഉപഗ്രഹങ്ങളുമായി പുറപ്പെട്ടത്.ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ദൗത്യം പൂർണവിജയമാക്കി ഐ.എസ്.ആർ.ഒ ചരിത്രനേട്ടം കുറിക്കുകയും ചെയ്തു.ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. ദൗത്യം വിജയിച്ചതോടെ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയും 29 എണ്ണം ഭ്രമണപഥത്തിലത്തെിച്ച അമേരിക്കയും ഇന്ത്യക്ക് പിന്നിലായി. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിച്ചതായിരുന്നു രാജ്യത്തിന്‍െറ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്.

അമേരിക്കയില്‍നിന്നുള്ള 96 ഉപഗ്രഹങ്ങള്‍ക്കുപുറമെ നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രായേല്‍, യു.എ.ഇ, കസാഖ്സ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി സി-37 ഭ്രമണപഥത്തിലെത്തിച്ചത്. 505 കിലോമീറ്റര്‍ അകലെയാണ് ഭ്രമണപഥം. വിക്ഷേപിച്ച് 30 മിനിറ്റുകൾക്കുള്ളിലാണ് 104 ഉപഗ്രഹങ്ങൾ അതാത് ഭ്രമണപഥങ്ങളിലെത്തിക്കേണ്ടത്. ഇന്ത്യയില്‍നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വിസി-37 ഭ്രമണപഥത്തിലെത്തിച്ചത്. ഐ.എസ്.ആര്‍.ഒയുടെ 85ാമത്തെയും പി.എസ്.എല്‍.വിയുടെ 39ാമത്തെയും ബഹിരാകാശ ദൗത്യമാണിത്. തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് -2ഡി, ഐ.എന്‍.എസ് -1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുണ്ടായിരുന്നത്. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2ഡിക്ക് 714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം. ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബര്‍ 6 ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റുകയായിരുന്നു.ചരിത്രനേട്ടത്തില്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.