ഒന്നിലേറെ രാജ്യങ്ങളില്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തുന്നതില്‍ തടസ്സമില്ല: ഫിഫ


ദോഹ: 2026 ലോകകപ്പ് മൂന്നോ നാലോ രാജ്യങ്ങളിലായി നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഫ. ഫുട്ബോള്‍ ലോകകപ്പ് ഒന്നിലേറെ രാജ്യങ്ങളിലായി നടത്തുന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വിശദീകരിച്ചു. ഫിഫ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജിയാനി ഇന്‍ഫാന്റിനോ.

അടുത്തടുത്തു സ്ഥിതി ചെയ്യുന്ന മൂന്നോ നാലോ രാജ്യങ്ങള്‍ക്ക് അഞ്ചുവരെ സ്റ്റേഡിയങ്ങള്‍ വീതം സജ്ജമാക്കി ലോകകപ്പ് നടത്താം. ലോകകപ്പിനായി ഒരു രാജ്യം വന്‍ നിക്ഷേപം നടത്തേണ്ട സ്ഥിതി ഇതിലൂടെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വേദികളാകാന്‍ വയ്ക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ കുറച്ചു രാജ്യങ്ങള്‍ക്കേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2002ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് മാത്രമാണ് ഇതിനു മുമ്പ് ഒന്നിലേറെ രാജ്യങ്ങളിലായി നടന്ന ലോകകപ്പ്. സ്വന്തം നിലയ്ക്ക് ലോകകപ്പ് നടത്താന്‍ ഖത്തറിനാകുമെന്നും 2022 ലോകകപ്പിനായി ഖത്തറില്‍ ഒരുക്കങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ ഒരുക്കങ്ങളെ കുറിച്ചു മികച്ച റിപ്പോര്‍ട്ടുകളാണു ലഭിക്കുന്നത്. എങ്കിലും ഇനിയുമേറെ ചെയ്യാനുണ്ട്. ഇവ സമയത്തു തന്നെ പൂര്‍ത്തിയാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. ഖത്തര്‍ സര്‍ക്കാരും പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും മികച്ച ഒരുക്കങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.