നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീ എന്ന് റിപ്പോര്‍ട്ട്

നടിയെ ആക്രമിക്കുവാന്‍ കൊട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ എന്ന് മൊഴി. നടി തന്നെയാണ് കാറില്‍ വെച്ച് സുനി തന്നോട് ഇത്തരത്തില്‍ പറഞ്ഞതായി പോലീസിനു മൊഴി നല്‍കിയത്. സംഭവ ശേഷം ഒരു സ്ത്രീ വിളിക്കുമെന്നും അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിവാകുമെന്നും സുനി പറഞ്ഞതായാണ് നടി മൊഴി നല്‍കിയത്. അതേസമയം ഇക്കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.  അന്വേഷണം  വഴിതെറ്റിക്കാന്‍ സുനി മുന്‍കൂറായി ഇത്തരത്തില്‍ പറഞ്ഞതാകുവാനാണ് സാധ്യത എന്നാണു പോലീസ് നിലപാട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഒരു നടിയും ഉണ്ട് എന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു. എന്നാല്‍ കേസിലെ മുഖ്യ പ്രതി സുനി പിടിയിലായാല്‍ മാത്രമേ സത്യാവസ്ഥ വെളിവാവുകയുള്ളൂ. ഇതിനിടയില്‍ സുനിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.  എന്നാല്‍ സുനി ഒളിത്താവളത്തില്‍ നിന്ന് കടന്നുകളഞ്ഞെന്നാണ് സൂചന.