അമേരിക്ക ചതിച്ചാല്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കൈത്താങ്ങാകാന്‍ തയ്യാറായി യൂറോപ്പ്
ബ്രസ്സല്‍സ്: എച്ച്1ബി വിസയുടെ കാര്യത്തിലുള്‍പ്പടെ ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക മുന്നോട്ട് പോവുമ്പോള്‍, ആശ്വാസമാകാന്‍ യൂറോപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ച് യൂറോപ്പ് ഇന്ത്യന്‍ ഐടി മേഖലയെ സഹായിക്കുമെന്നാണ് കരുതുന്നത്.
പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയം യൂറോപ്പിനും തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാന്‍ യൂറോപ്പിന് കഴിയും. വിദഗ്ധരായ ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ് മക്‌ലിസ്റ്റര്‍ പറഞ്ഞു. എച്ച്1ബി വിസ നിയമം കര്‍ശനമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി അപലപനീയമാണെന്ന് വ്യക്തമാക്കിയ ഇ.യു, ഇന്ത്യയില്‍നിന്നുള്ള ഐ.ടി. വിദഗ്ധര്‍ ഇല്ലായിരുന്നുവെങ്കില്‍ തങ്ങളുടെ കമ്പനികള്‍ക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വ്യക്തമാക്കി.
മുന്‍പ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ ഇ.യു ഒപ്പു വെച്ചിരുന്നു. എന്നാല്‍ കാറിന്റെ കാര്യത്തില്‍ അമാന്തം ഉണ്ടായിരുന്നു. അതേസമയം ഇ.യു-ഇന്ത്യ വ്യാപാര നിക്ഷേപ കരാറുകള്‍ സജീവമാക്കുന്നതിന് നയതന്ത്രതല ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഇരു ഭാഗത്തും വീഴ്ചയുണ്ടായെന്നും അക്കാര്യത്തില്‍ പശ്ചാത്താപമുണ്ടെന്നും ഇ.യു. പ്രതിനിധി ഡേവിഡ് മെക് അലിസ്റ്റര്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ കൂടുതല്‍ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് പോകും. 2007ലാണ് ഇന്ത്യ യൂറോപ്യന്‍ യൂനിയനുമായി വ്യാപാര നിക്ഷേപ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍, 2013ന് ശേഷം ഇരു ഭാഗത്തും കാര്യമായി ചര്‍ച്ചകളോ നയതന്ത്ര നീക്കങ്ങളോ ഉണ്ടായിട്ടില്ല.