ഇന്‍ഡോര്‍ സ്വദേശിയ്ക്ക് നാടണയാന്‍ തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍


റിയാദ്: സൗദി അറേബ്യയയിലെ അല്‍-ഖര്‍ജില്‍ 6 വര്‍ഷമായി ജോലി നോക്കിയിരുന്ന ഇന്‍ഡോര്‍ സ്വദേശി (58 വയസ്) ഷെയ്ഖ് ഇസ്മാക് ഇബ്രാഹിമിനെ തിരിച്ചു നാട്ടിലെത്തിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍. സംഘനയുടെ പ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ ഇബ്രാഹിമിനെ നാടണയാന്‍ തുണയാകുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖം കൊണ്ടും ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്താലും, തീവ്ര പ്രമേഹ രോഗത്താലും ഏറെ പരിക്ഷീണനായി കണ്ണിന്റെ കാഴ്ച ശക്തി പോലും ഭാഗീകമായി നഷ്ട്ടപ്പെട്ട് ജോലി ചെയ്യാനാകാതെ ആറ് മാസത്തോളമായി അവശ നിലയില്‍ എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാതെ തന്റെ മുറിയില്‍ നിസ്സഹായനായി കിടന്നിരുന്ന ഷെയ്ഖ് ഇസ്മാക് ഇബ്രാഹിമിനെ കുറിച്ച് സുഹൃത്തുക്കള്‍ പറഞ്ഞതറിഞ്ഞാണ് അദ്ദേഹത്തിനെ കാണുവാന്‍ (wmf) പ്രവര്‍ത്തകന്‍ നജീബ് എരമംഗലം എത്തുന്നത്. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ നജീബും wmf അല്‍ഖര്‍ജ് യൂണിറ്റ് പ്രവര്‍ത്തകരും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു. എഗ്രിമെന്റ് കാലം പൂര്‍ത്തിയാകാത്തതിനാല്‍ നാട്ടില്‍ വിടുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസങ്ങള്‍ ചൂണ്ടി കാട്ടിയ സ്‌പോണ്‌സറോട് ഇസ്മാക്കിന്റെ ശാരീരിക അവസ്ഥയും രോഗത്തിന്റെ തീവ്രതയും ഈ അവസ്ഥയില്‍ ഇവിടെ തുടര്‍ന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും പറഞ്ഞു നിരന്തരം ബന്ധപ്പെട്ടുകൊണ്ട് സ്പോണ്‍സറെ പറഞ്ഞു മനസ്സിലാക്കി.

കാര്യങ്ങള്‍ മനസ്സിലാക്കിയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ ഷെയ്ഖ് ഇസ്മാക് ഇബ്രാഹിമിന്റെ യാത്ര വിലക്ക് നീക്കുകയും യാത്ര രേഖകള്‍ ശരിയാക്കികൊടുക്കുകയും ചെയ്തു. മുംതാസ് റസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്ത ടിക്കറ്റ് സ്ഥാപന ഉടമയും wmf ഭാരവാഹിയുമായ ഷാഹിദ് അലി കൈമാറി. Wmf അല്‍ഖര്‍ജ് യൂണിറ്റ് അംഗങ്ങളായ സജു മത്തായി തെങ്ങു വിളയില്‍, ഹാരിസ് ബാബു, ജാഫര്‍ ചെമ്മാട്, സലിം പാണക്കാട്, ജസീല്‍ എരവന്നൂര്‍, ആബിദ് പൂഞ്ചോല, ശ്രീജിത്ത് പുലമന്തോള്‍ എന്നിവരും ആദ്യാവസാനം വരെ സഹായത്തിന് കൂടെയുണ്ടായി. എയര്‍ ഇന്ത്യ വിമാനത്തില്‍ ഷെയ്ഖ് ഇസ്മാക് ഇബ്രാഹാം യാത്രായായി.