മുറിവേറ്റ ജന്മങ്ങള്‍ക്ക് നനുത്ത സ്പര്‍ശമായ് ‘തൂവല്‍’: വിയന്നയില്‍ നിന്നൊരു ഹൃസ്വചിത്രം


വിയന്ന: ഓസ്ട്രിയയിലെ മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഹൃസ്വചിത്രം ‘തൂവല്‍’ പ്രദര്‍ശനത്തിന്. മധ്യയൂറോപ്പിലെ ഏറ്റവും മനോഹരവും, ജീവിത നിലവാരസൂചികയില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന വിയന്നയുടെ ചാരുതയും സംഭവബഹുലമായ ദൃശ്യങ്ങളും കോര്‍ത്തിണക്കിയ ‘തൂവല്‍’ മനുഷ്യന്റെ സ്‌നേഹവും ദൈന്യതയും മറനീക്കിക്കാണിക്കുന്ന കഥയാണ്.

ഒറ്റയ്ക്കാവുന്നതിലും ദുരിതം മറ്റൊന്നുമില്ല. നിശബ്ദതയിലെ വാചാലതപോലെ വിജനതയാകുന്ന ഏകാന്തതയുടെ ഹൃദയതാളം പുറമെ നിന്ന് നോക്കിയാല്‍ മനസ്സിലാകില്ല. അത് സൃഷ്ടിക്കുന്ന മാനസിക വേദന എന്തെന്ന് അറിയണമെങ്കില്‍ ഓരോരുത്തരും അതിലൂടെ കടന്നുപോകണം. ജീവിതത്തിന്റെ വ്യഗ്രതയില്‍ തിരിച്ചറിയാതെപോകുന്ന ചില തീവ്ര അനുഭവങ്ങളുടെ നേര്‍മ്മയുള്ള കഥയാണ് പതിനൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തൂവല്‍.

ജി. ബിജുവിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മോനിച്ചന്‍ കളപ്പുരയ്ക്കലിന്റേതാണ്. ക്യാമറ ബിനു മര്‍ക്കോസ്, മോനിച്ചന്‍ കളപ്പുരയ്ക്കല്‍. പ്രധാന വേഷങ്ങളില്‍ എത്തുന്നത് ഷാജി ചേലപ്പുറത്തും, ഹന്ന ഇയ്യത്തുകളത്തിലുമാണ്. ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംരംഭകരായ ‘പ്രോസി’യുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വിയന്നയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹൃസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 18ന് 6.30ന് വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പിന്നീട് യൂ ട്യൂബിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.