ദമ്പതികള്‍ തങ്ങളുടെ പുത്രനെന്ന് അവകാശ വാദം ഉന്നയിച്ച നടന്‍ ധനുഷ് അടയാള പരിശോധന നടത്താന്‍ കോടതിയില്‍

ചെന്നൈ: അമ്മക്കൊപ്പം നടന്‍ ധനുഷ് അടയാള പരിശോധനക്കായി കോടതിയിലെത്തി. മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികളുടെ പരാതിയിലാണ് തമിഴ്നടന്‍ ധനുഷ് ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായത്. ദമ്പതികള്‍ പറഞ്ഞതു പ്രകാരം അവരുടെ മകന് താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യില്‍ മറുകുമുണ്ട്. ഇത് പരിശോധിക്കുന്നതിനാണ് ധനുഷ് എത്തിയത്.

മധുരയിലെ മേലൂരിനടുത്തുള്ള മാലംപട്ടയിലുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് അവരുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. മകന്‍ ചെറുപ്പത്തില്‍ സിനിമാമോഹവുമായി നാടുവിട്ട് പോവുകയായിരുന്നുവെന്നും പിന്നീട് സംവിധായകന്‍ കസ്തൂരി രാജ ധനുഷിനെ കൈക്കലാക്കുകയുമായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്. എന്നാല്‍ തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും ഇത് തള്ളിക്കളയണമെന്നും ധനുഷ് ആവശ്യപ്പെട്ടിരുന്നു. ഈ കേസിന്റെ വാദം കേള്‍ക്കുമ്പോഴാണ് കോടതി യഥാര്‍ത്ഥ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടത്. ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ലായിരുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.