വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്; വൈദികന്റെ ലൈംഗിക കുറ്റകൃത്യം ഗൗരവതരമെന്നു കെ.സി.ബി.സി


കണ്ണൂര്‍: 16 വയസ്സുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ്‌ചെയ്ത വൈദികന്‍ ഉന്നതതല ബന്ധങ്ങള്‍ ഉപയോഗിച്ചതായി പോലീസ്. ദീപിക ദിനപത്രം ഫാരിസ് അബൂബക്കറിന്റെ കീഴിലായ 2005-08 കാലഘട്ടത്തില്‍ ആദ്യം പ്രൊഡക്ഷന്‍ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവര്‍ത്തിച്ച ആളാണ് ഫാദര്‍ റോബിന്‍.

അതേസമയം ഇദ്ദേഹം ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് പറയുന്നു. കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ മാനന്തവാടി രൂപതയുടെ കീഴില്‍ ഡയറക്ടറുമായിരുന്നു. മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയുമായിരുന്നു. കൊട്ടിയൂര്‍ മേഖലയിലും വലിയ നേതൃപദവിയിലിരുന്ന ആളാണ് വൈദികന്‍. കൊട്ടിയൂര്‍ വികസനസമിതിയുടെ ചെയര്‍മാനായിരുന്നു. എന്നാല്‍ പൊലീസ് അറസ്റ്റ്‌ചെയ്ത ഉടനെ ഫാദര്‍ റോബിനെ വികാരിസ്ഥാനത്തുനിന്ന് നീക്കംചെയ്തതായി മാനന്തവാടി രൂപത അറിയിച്ചു.

അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി ഇന്നലെ പൊലീസില്‍ കുറ്റം സമ്മതിച്ചശേഷം നടന്ന തെളിവെടുപ്പില്‍ കേസ് ഒതുക്കാനുള്ള ഞെട്ടിപ്പിക്കുന്ന നീക്കംനടത്തിയെന്നാണ് മൊഴി. പത്രസ്ഥാപനത്തിന്റെ പഴയ സ്വാധീനവും രൂപതയുടെ പിന്തുണയും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാന്‍ തീവ്രശ്രമമാണ് ഫാദര്‍ നടത്തിഎന്നാണ് പോലീസ് ഭാഷ്യം. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായും പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ വൈദികന്‍ ഉള്‍പ്പെട്ട വാര്‍ത്ത സഭ ഗൗരവത്തോടെ കാണുന്നതായി കേരള കാതോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) വക്താവ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍ ദുഖവും ഖേദവുമുണ്ട്. സമര്‍പ്പിതജീവിതം നയിക്കുന്ന വ്യക്തികള്‍ ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കത്തോലിക്കാസഭ ആഗ്രഹിക്കുന്നതും അനുശാസിക്കുന്നതും. ഇക്കാര്യത്തിലുണ്ടാകുന്ന വ്യക്തിപരമായ വീഴ്ചകള്‍ ദുഖകരവും ഗുരുതരവുമാണെന്ന് വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ്‌ലൈനിന് ലഭിച്ച സന്ദേശമാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് കാരണമായത്. പെണ്‍കുട്ടി പ്രസവിച്ച് 20 ദിവസമായെങ്കിലൂം ഇതുവരെയായി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വൈദികനെ തിരഞ്ഞുപോയപ്പോള്‍ അദ്ദേഹം വിദേശത്താണെന്നാണ് ആദ്യം ഇടവകയില്‍നിന്ന് വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വൈദികന്റെ ചിത്രസഹിതം വിവരം നല്‍കി. വൈദികന്റെ മൊബൈല്‍ഫോണ്‍ സൈബര്‍സെല്‍ പിന്തുടര്‍ന്നപ്പോള്‍ അങ്കമാലിക്കടുത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടിയില്‍വെച്ച് പൊലീസ് ഇയാള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് പിടികൂടി. കാനഡയിലേക്ക് വിമാനം കയറാനുള്ള ഒരുക്കത്തോടെ യാത്രചെയ്യുന്നതിനിടയിലാണ് വൈദികന്‍ പൊലീസ് പിടിയിലായത്.