ലോകാത്ഭുതങ്ങളിലെ രക്തനാടകശാല

കാരൂര്‍ സോമന്‍

റോമന്‍ സാമ്രാജ്യത്തിന്റെ ക്രൂരതകളുടെ ഓര്‍മ്മപ്പെടുത്തലും അടയാളവുമാണ് രക്തനിലമായ റോമിലെ കൊളോസിയം. ആകാശത്തോളവും ഉയര്‍ന്നു നില്ക്കുന്ന ഈ അത്ഭുതഗോപുരത്തിലേക്ക് ഹൃദയത്തില്‍ അലയടിക്കുന്ന ദുരന്തസ്പന്ദനങ്ങളുമായി ഞാന്‍ നിന്നു. മനുഷ്യനും വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്ന രക്തനാടക ശക്തിയുടെ പരീക്ഷണശാല.

കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി മരണപ്പെട്ടാല്‍ ആ ശരീരം മൃഗത്തിന് ഭക്ഷണമാണ്. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി ജയിച്ചാല്‍ അയാള്‍ക്ക് മോചനം ലഭിക്കും. ക്രിസ്തീയ വിശ്വാസികളും കുറ്റവാളികളുടെ പട്ടികയിലുണ്ട്. അവരെല്ലാം രക്തസാക്ഷികളായി മൃഗങ്ങളുടെ മുന്നില്‍ ജീവന്‍ ഹോമിച്ചവരാണ്. മനുഷ്യരും മൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും മല്ലന്മാര്‍ പരസ്പരം ഏറ്റുമുട്ടി മരണം വരിക്കുന്നതും ഒരു വിനോദമായിട്ടാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ കണ്ടിരുന്നത്. കൊളോസിയത്തിന്റെ മുന്നിലുളള റോഡരികില്‍ ഇറ്റലിയുടെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്ന മനോഹരമായ പൈന്‍കുട മരങ്ങള്‍ നിരനിരയായി രണ്ടോ മൂന്നോ ശാഖകളായി ഒരു കുടപോലെ ആകാശത്തേക്കുയര്‍ന്ന് നില്ക്കുന്നത് ഒരു കൗതുകകരമായ കാഴ്ചയാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ ആകാശത്തേക്കുയര്‍ന്ന അഗ്‌നിജ്വാലകള്‍പോലെ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയുളളവര്‍ക്ക് മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയായി എങ്ങനെ ഭരിക്കാന്‍ കഴിഞ്ഞുവെന്നതും ഇന്നും ഒരു ചോദ്യചിഹ്നമാണ്. റോമന്‍ ചക്രവര്‍ത്തിമാരുടെ റോമാന്റിക്ക് നാടക അരങ്ങില്‍ ഒഴുകിയത് മനുഷ്യമൃഗങ്ങളുടെചൂടുളള രക്തമായിരുന്നു. സുഖലോലുപനായി ജീവിച്ച നീറോ റോമിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ ഉല്ലാസത്തിനായി തീര്‍ത്തതാണ് ഗോള്‍ഡന്‍ ഹൗസ്.

രാജഭരണത്തില്‍ മനംനൊന്തു കഴിഞ്ഞിരുന്ന ജനങ്ങള്‍ എ.ഡി. 68-ല്‍ പട്ടാളത്തെ കൂട്ടുപിടിച്ച് നീറോയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിവരുമ്പോള്‍ ഹിറ്റ്ലറെപ്പോലെ ഒളിച്ചോടി ആത്മഹത്യചെയ്യുകയായിരുന്നു. നീറോയ്ക്ക് ശേഷം വന്ന ചക്രവര്‍ത്തി ഗോള്‍ഡന്‍ ഹൗസിന് അടുത്തായി ഒരു പടുകൂറ്റന്‍ ആംഫി തിയേറ്റര്‍ നിര്‍മ്മിച്ചു. അവിടെ നീറോയുടെ കൊളോസ് എന്ന പേരിലുളള ഒരു ചെമ്പ് പ്രതിമയുണ്ടായിരുന്നു. അത് പിന്നീട് കൊളോസിയം എന്ന പേരില്‍ ലോക പ്രശസ്തി നേടി. ആ പ്രതിമ നശിപ്പിച്ചുവെങ്കിലും ഈ പേര് ഇന്നും ജീവിക്കുന്നു. കോളോസിയത്തിന്റെ അസാധാരണത്വം കണ്ടുനില്ക്കെ നീറോ കൊളോസിയത്തെ പ്രതിനിധീകരിച്ച് ആകാശമേഘങ്ങള്‍ ഇളകിതെറിക്കുകയും ഭൂമിയെ വിറപ്പിച്ചുകൊണ്ട് ഇടിയും മിന്നലും കാറ്റും ഉണ്ടായി. കൊളോസിയത്തിന്റെ ബീഭത്സകരൂപം മഴയിലും ഇടിമിന്നലിലും കണ്ടു.

എന്റെ കൈയിലിരുന്ന കുട കാറ്റില്‍ കുടക്കമ്പികളായി മാറി. മരങ്ങളുടെ കമ്പുകള്‍ ഒടിഞ്ഞുവീണു. മരത്തിനടുത്തുനിന്നവര്‍ അടുത്ത കെട്ടിടത്തിലേക്ക് ഓടി. ചില പക്ഷികള്‍ മണ്ണില്‍ ചിറകൊടിഞ്ഞു വീണു. ബംഗ്ളാദേശികള്‍ തല മുതല്‍ പാദം വരെയണിയുന്ന പ്ലാസ്റ്റിക്കുമായി ഒരോരുത്തരെ സമീപിച്ചു. ഞാനും ഒരെണ്ണം വാങ്ങി ശരീരത്തണിഞ്ഞു. പ്ലാസ്റ്റിക്ക് ശരീരങ്ങളെ വലിഞ്ഞുമുറുക്കി. കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലും കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് കാതുപിളര്‍ക്കുന്ന വിധമുളള ഇടിയും മഴയും മനുഷ്യരെ കാറ്റില്‍ പറത്തുന്ന കൊടുംങ്കാറ്റും കണ്ടത്. കൊളോസിയത്തിലെ മനുഷ്യത്വത്തിന് വന്നു ചേര്‍ന്ന മൃഗീയത ഇവിടുത്തെ ഇടിമിന്നലിലും മഴയിലും ഞാന്‍ നിരീക്ഷിക്കയുണ്ടായി.

കൊളോസിയത്തിനുളളിലേക്ക് പ്രവേശിച്ചാല്‍ ശ്രദ്ധയില്‍പ്പെടുന്നത് ഭീമാകാരമായ തൂണുകളും കരിംങ്കല്ലുകളുമാണ്. പഴമയുടെ മണവും പ്രൗഢവുമായ ഇടനാഴികള്‍. മുകളിലേക്ക് പോകാന്‍ കരിങ്കല്ലുപാകിയ പടികളുണ്ട്. അതിന്റെ ഒരു കോണില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഏ.ഡി.70-കളില്‍ 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടമാണ് കൊളോസിയത്തിനുളളത്. അതില്‍ ഉന്നതര്‍ക്കും പട്ടാള മേധാവികള്‍ക്കും ചക്രവര്‍ത്തിക്കും പ്രത്യേക ഇരിപ്പിടങ്ങളുണ്ട്.

കൊളോസിയത്തിന്റെ ചരിത്രമറിയാത്തവര്‍ക്ക്പോലും അതിനുളളില്‍ കടന്നാല്‍ മനസ്സില്‍ പ്രത്യക്ഷമായി അനുഭവപ്പെടുന്നതും ഭയം തന്നെയാണ്. അതിന്റെ കാര്യവും കാരണവും മറ്റൊന്നുമല്ല. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുളളപോരാട്ടങ്ങളും രക്തച്ചൊരിച്ചിലുമാണ്. കൊടുംകുറ്റവാളികളെ, ക്രിസ്തീയവിശ്വാസികളെ മൃഗങ്ങള്‍ക്ക് ഭക്ഷണമായി കൊടുത്തിരുന്നു. യൂറോപ്പിലെ പ്രശസ്തരായ ഗ്ലാഡിയേറ്റന്‍ന്മാര്‍ക്ക് തങ്ങളുടെ പേശിബലം തെളിയിക്കാനുളള ഒരു വേദി കൂടിയായിരുന്നു കൊളോസിയം. ഈ ക്രൂരതകള്‍ കണ്ടിരുന്ന് രസിച്ചവരില്‍ ചക്രവര്‍ത്തിമാര്‍ മാത്രമല്ല ജനങ്ങളുമുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷിത്വം വഹിച്ചിട്ടുളളതിന്റെ തെളിവുകള്‍ കൊളോസിയത്തില്‍ നിന്ന് പുരാവസ്തു ഗവേഷകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊളോസിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ മേല്‍ക്കൂരയില്ലാത്ത നൂറുകണക്കിന് ചെറിയ മുറികളും, നടപ്പാതകളും ഇരുമ്പുഗേറ്റുകളും കാണാം.

ഇവിടെയാണ് മൃഗങ്ങളെയും കുറ്റവാളികളെയും ക്രിസ്തീയ വിശ്വാസികളെയും പാര്‍പ്പിച്ചിരുന്നത്. ഈ അഗാധഗര്‍ത്തം ഏകദേശം മുപ്പത് തൊടിയുളള ഒരു കിണറിന്റെ താഴ്ച കാണാം. ഇതിന്റെ ഒരു ഭാഗത്തായി വലിയൊരു കുരിശ് കാണാം. ദു:ഖവെളളിയാഴ്ച പോപ്പ് നടത്തുന്ന കുരിശിന്റെ വഴിയില്‍ കൊളോസിയവുമുണ്ട്. കൊളോസിയത്തില്‍ നിന്ന് പുറത്ത് വരുമ്പോള്‍ മൗനനൊമ്പരങ്ങള്‍ മാറി പ്രകൃതി സുഖകരമായ ഒരനുഭവമാണ് അനുഭവപ്പെട്ടത്. പുറത്ത് സഞ്ചാരികള്‍ക്കൊപ്പം നിന്ന് അഭിനവ ഗ്ളാഡിയേറ്റര്‍മാര്‍ ഫോട്ടോ എടുക്കുന്നു. ഒരു കഠാര കൈയില്‍ തന്നിട്ട് അടുത്ത് നില്ക്കുന്നവനെ കുത്തുന്ന രംഗം ഞാനും ആ രംഗം അഭിനയിച്ച് ഫോട്ടോ എടുത്തു. കൊളോസിയം സ്ഥിതി ചെയ്യുന്നത് റോമന്‍ഫോറത്തിലാണ്.

പുരാതന റോമിന്റെ സാമൂഹ്യ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമന്‍ ഫോറം. റോമന്‍ ഭരണകാലം ജനങ്ങള്‍ ഭയന്നാണ് കഴിഞ്ഞത്. കൊളോസിയം അവരുടെ മുന്നില്‍ മരണത്തിന്റെ വാതിലാണ്. അതിന്റെ മൂര്‍ത്തഭാവങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ചക്രവര്‍ത്തിഭരണത്തിനെതിരേ ശബ്ദിച്ചാല്‍ തല കാണില്ലെന്ന് ജനങ്ങള്‍ക്കറിയാം. എന്നുമെന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങി കുനിഞ്ഞ ശിരസ്സുമായി ജീവിക്കുന്ന അടിമകളുടെ ലോകം. ഇവിടേക്കാണ് ഒരു കൊടുങ്കാറ്റുപ്പോലെ ക്രിസ്തു ശിഷ്യനായ സെന്റ് പീറ്റര്‍ കടന്നുവരുന്നത്. ചക്രവര്‍ത്തിമാരുടെ സുഖലോലുപത, ദേവിദേവന്മാരുടെ പ്രതിമകളുണ്ടാക്കി നടത്തുന്ന അന്ധവിശ്വാസ ആചാരങ്ങള്‍, നരബലി, മൃഗബലി ഇവയ്ക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചു. പാവങ്ങളെ പീഡിപ്പിക്കുന്ന ഭരണാധിപന്മാരെ പുറത്താക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് റോമയിലെങ്ങും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പൈശാചിക ശക്തികള്‍ക്കെതിരേ ആഞ്ഞടിച്ചതിന്റെ ഫലമായി അദ്ദേഹത്തെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി.