കഥ….കോഴിപറമ്പിലെ കൊറോണ കോയിച്ചന്‍

കാരൂര്‍ സോമന്‍

ആകാശച്ചെരുവില്‍ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടര്‍ന്നു നില്‍ക്കുമ്പോഴാണ് ലണ്ടനില്‍ നിന്നെത്തിയ കോഴിപറമ്പിലെ കോയിച്ചന്‍ എന്ന് വിളിപ്പേരുള്ള യാക്കൂ കൊറീത് കാറുമായി റോഡിലിറങ്ങിയത്. കര്‍ശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാന്‍ പോലീസ് തയ്യാറായില്ല. കാറുമായി മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്ത കോയിച്ചന്‍ തന്റെ പൊങ്ങച്ചം പൊലീസിന് മുന്നില്‍ എടുത്തു കാട്ടി. ഉടനടി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ വൈറസ് കുടുബത്തിലുള്ളതെന്ന് മനസ്സിലാക്കി. മുന്‍പ് ആലപ്പുഴയില്‍ ധാരാളം കോഴികള്‍ വൈറസ് മൂലം ചത്തൊടുങ്ങിയിരുന്നു. കോഴിപറമ്പിലെ കോയിച്ചെന്റെ പിതാവ് കൊറീതിനും ധാരാളം കോഴികളുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് വൈറസ് കണ്ടെത്തിയത് കോഴിപറമ്പിലെ കോഴികള്‍ക്കാണ്. കോഴികളെയെല്ലാം കൊന്നു കുഴിച്ചുമൂടി. ഇപ്പോള്‍ കൊറോണ പരത്താന്‍ മകനും ലണ്ടനില്‍ നിന്നെത്തിയിരിക്കുന്നു.

കോയിച്ചന്‍ നാട്ടിലെത്തിയത് രോഗക്കിടക്കയിലുള്ള പിതാവിനെ കാണാനാണ്. ആ വരവിന് മറ്റൊരു ഉദ്ദേശവുമുണ്ട്. കോഴികളെ പരിപാലിച്ചിരുന്ന കുഞ്ഞുമോന്‍ കോഴികള്‍ക്കൊപ്പം കോഴിപ്പനി പിടിച്ചു് മരണപ്പെട്ടു. ആ കുടുംബത്തിന്റ എല്ലാം ഉത്തരവാദിത്വവും കുട്ടികളുടെ പഠനമെല്ലാം കോഴിപറമ്പന്‍ കൊറീത് ഏറ്റെടുത്തു. അതിനാല്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടു. കൊറിതിന്റ മകന്‍ കോയിച്ചന്‍ പിതാവറിയാതെ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോളുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. മധുര സ്മരണയില്‍ കഴിയുന്ന കുഞ്ഞുമോള്‍ കോഴി പൊരിച്ചു കാത്തിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്. ആ വാര്‍ത്ത അവളെ അഗാധ ചിന്തയിലേക്ക് വലിച്ചിഴച്ചു.

കോയിച്ചെന്റെ കാറില്‍ നിന്ന് പോലീസ് ഒരു ജോണി വാക്കര്‍ വിസ്‌കിയെടുത്തു് തിരിച്ചും മറിച്ചും നോക്കി. നാട്ടില്‍ വരുമ്പോഴൊക്കെ കോയിച്ചന്‍ കുപ്പികള്‍ കൊണ്ടുവരാറുണ്ട്. കോഴിയും കുപ്പിയും കുഞ്ഞുമോളും അയാള്‍ക്ക് വിലപ്പെട്ടതാണ്. പൊലീസിന് മറ്റൊരു വിവരംകൂടി കിട്ടി. രാജ്യത്തെ ജനതാ ഹര്‍ത്താല്‍ ദിവസം ഇയാളെ പോലീസ് പിടികൂടി വിട്ടയച്ചതാണ്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഫേസ് ബുക്ക് പരിശോധിച്ചു. മറ്റുള്ളവരുടെ കഴുത്തില്‍ കത്തിവെക്കുന്ന പലതും വായിച്ചു. ബ്രിട്ടനില്‍ ഇയാള്‍ അറിയപ്പെടുന്നത് കൊറോണ കോഴിയെന്നാണ്. ആ പേര് വരാന്‍ കാരണം സോഷ്യല്‍ മീഡിയയിലാണ് ഇദ്ദേഹം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതും അതിനെ വളര്‍ത്തി വലുതാക്കി മൊട്ട വിറ്റഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളര്‍ത്തുന്ന കോഴിപ്പനി ഇപ്പോള്‍ കൊറോണ വൈറസ്സായി മനുഷ്യരുടെയിടയിലും വളര്‍ത്തുന്നു. തന്റെ തെറ്റുകള്‍ പൊറുക്കണമെന്ന് പോലീസിനോട് കേണപേക്ഷിച്ചെങ്കിലും പോലീസുകാരന്‍ കണ്ണു കുര്‍പ്പിച്ചു് വെറുപ്പോടെ നോക്കി പറഞ്ഞു. ‘നിന്നെപോലുള്ള വൈറസ് രോഗികള്‍ ജയിലില്‍ കിടന്നാലെ പഠിക്കു’. കോയിച്ചന്‍ ദയനീയ ഭാവത്തില്‍ കണ്ണു തുറന്ന് നോക്കി.

സംഭവമറിഞ്ഞ ലണ്ടനില്‍ നഴ്സായി ജോലിചെയ്യുന്ന രണ്ട് മക്കളുള്ള ഭാര്യ അലീന പോലീസ് സ്റ്റേഷനിലുള്ള ഭര്‍ത്താവിനോട് വ്യാകുലപ്പെട്ടുകൊണ്ടറിയിച്ചു.

‘ഇവിടുന്ന് നാട്ടില്‍ പോയത് കൊറോണ പടര്‍ത്താനാണോ മനുഷ്യ? രോഗമുള്ള വ്യക്തിയുടെ ചുമ, തുമ്മല്‍, രോഗബാധയുള്ള വ്യക്തികള്‍ സ്പര്ശിച്ച വസ്തുക്കളില്‍ തൊട്ടാല്‍ പകരുന്നതൊക്കെ അറിയില്ലേ? വീട്ടിലിരിക്കാതെ വൈറസ് പരത്താന്‍ ഇറങ്ങിയിരിക്കുന്നു? ആരെ കാണാനാണ് ഇത്ര തിടുക്കത്തില്‍ പോയത്? ഈ രാജ്യത്തിനും നാണക്കേടുണ്ടാക്കുമെല്ലോ?

ആരെ കാണാനെന്നുള്ള ചോദ്യം കേട്ടപ്പോള്‍ ഹ്ര്യദയം കുതിക്കുവാന്‍ തുടങ്ങി. തന്റെ തലക്ക് മുകളില്‍ നാട്ടിലെ കാമുകിയുടെ വാള്‍ തൂങ്ങികിടക്കുന്നത് അലിനക്കറിയില്ല. മാതാപിതാക്കളെ കാണാന്‍ വളരെ ഉത്സാഹത്തോടെ പോകുമ്പോള്‍ ഭര്‍ത്താവ് കാമുകിയുമായി പ്രേമസുഖത്തില്‍ പുളച്ചൊഴുകാനെന്ന് ഒരു ഭാര്യയും ചിന്തിക്കില്ല. പേരിനും പെരുമക്കും വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കത്തിച്ചുവിടുമെങ്കിലും ദാമ്പത്യ ജീവിതത്തില്‍ മറ്റൊരു പരിഷ്‌ക്കാരം വരുത്തുമെന്ന് അലീന വിശ്വസിക്കില്ല. നല്ല ഭര്‍ത്താക്കന്മാര്‍ക്ക് അങ്ങനെ മൂടുപടമിട്ട് നടക്കാന്‍ സാധിക്കുമോ?

പള്ളിയില്‍ പോകുമ്പോഴൊക്കെ ഭര്‍ത്താവ് ബാഹ്യഡംബരങ്ങളില്‍ മിഴിവ് കാണിക്കാറുണ്ട്. ആ മുഖം വടിച്ചു മിനുക്കി, പള പളുപ്പന്‍ കറുത്ത കോട്ടും സ്യൂട്ടും അതില്‍ സുഗന്ധം പരത്തുന്ന പെര്‍ഫ്യൂമടിച്ചു് തിളങ്ങുന്ന ഷൂസു0 കറുത്ത കണ്ണടയും സ്ത്രീകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ മാത്രമെന്ന് അലീനയുടെ കൂട്ടുകാരി ആനി പറഞ്ഞപ്പോഴാണ് അതിന്റ ദൂഷ്യവശം മനസ്സിലാക്കി അലീന ഒപ്പം പോകാന്‍ തുടങ്ങിയത്. ആദ്യ കുടിക്കാഴ്ചയില്‍ തന്നെ ഇയാളൊരു കോഴിയെന്ന് ആനി മനസ്സിലാക്കി അകല്‍ച്ച പാലിച്ചു. ഇപ്പോള്‍ ആ കോഴിപ്പനി സോഷ്യല്‍ മീഡിയയിലാണ് കാണുന്നത്. ഭര്‍ത്താവിനെ ഓര്‍ത്തിരുന്ന അലീനയുടെ മനസ്സ് പള്ളിക്കുള്ളിലെ ഭിത്തികളില്‍ ചിറകുവിരിച്ചു പറക്കുന്ന സുന്ദരിമാരായ മാലാഖമാരിലെത്തി. ഏതൊരു പുരുഷനും അതിന് മുകളില്‍ ചിറക് വിടര്‍ത്തി പറക്കാന്‍ ശ്രമിക്കും. ആ മാലാഖമാരെ കണ്ട് തന്റെ കണ്ണ് കുളുര്‍ത്തിരിന്നു. ഭക്തി പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്ന ഈശ്വരന്റ കൂടാരങ്ങള്‍ ആഡംബരത്തില്‍ ഉല്ലസിക്കുന്നു. സുന്ദരിമാര്‍ മണ്ണിലെ പക്ഷികളായി പലരുടെയും ഹൃദയത്തില്‍ നിര്‍ബാധം വന്നിരിക്കുന്നു. ചിലര്‍ക്ക് പദവികളാണ് പ്രധാനം. ഈ കൊറോണ കൊവിഡിനെ മനുഷ്യരിലൂടെ ഈശ്വരന്‍ അയച്ചതാണോ? ഈശ്വരന്‍ തന്ന പ്രപഞ്ചത്തെ മനുഷ്യര്‍ മാലിന്യകൂമ്പാരമാക്കിയത് മാത്രമല്ല അവന്റെ മനസ്സും പാപ മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു. മനുഷ്യര്‍ കിളിക്കൂടുകളില്‍ അഭയം പ്രാപിച്ചു. ശത്രു മുന്നില്‍ പത്തിവിരിച്ചാടുന്നു. എങ്ങും ഭയം, മൗനം, നിശ്ശബ്ദം. ഈശ്വരന്റെ കാലൊച്ചകള്‍ കാതുള്ളവന്‍ കേള്‍ക്കട്ടെ.