ഐസക്കിന്റെ തുടക്കം എം.ടിയെ കടമെടുത്ത്; നിര്‍ത്തിയത് എം.ടിയുടെ ദുഖ കഥാപാത്രങ്ങളുടെ അവസ്ഥയില്‍


നിരീക്ഷകന്‍

തിരുവനന്തപുരം: നിയമസഭയില്‍ തന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് വന്നത് പ്രസന്നതയോടെയായിരുന്നു. ഊണും ഉറക്കവുമില്ലാതെ ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവില്‍. ബജറ്റ് അവതരിപ്പിക്കാന്‍ സഭയില്‍ എത്തിയ ഐസക് പ്രതിപക്ഷ നിരയിലെത്തി മുതിര്‍ന്ന നേതാക്കളുമായി സൗഹൃദം പങ്കിട്ടു. സ്പീക്കര്‍ സഭയിലേക്ക് എത്തിയതോടെ കൃത്യം ഒന്‍പതിന് ഐസക് ബജറ്റ് അവതറണം തുടങ്ങി.

നോട്ട് ബന്ധിയുടെ കാലത്തെ വാര്‍ഷിക ബജറ്റ് അവതരണം വലിയ വെല്ലുവിളിയെന്ന് പറഞ്ഞു തുടങ്ങിയ ഐസക് ‘വളരെ സാധാരാണക്കാരായ ആളുകളുടെ ജീവിതം ആകെ താറുമാറായിരിക്കുന്നു…എന്ന എം.ടി വാക്കുകള്‍ കടമെടുത്ത് പ്രസംഗം തുടര്‍ന്നു. ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും എം.ടിയുടെ കഥകളിലെ കഥാപാത്രങ്ങളെ കുറിച്ചായിരുന്നു തുടക്കം.

അങ്ങനെ ബജറ്റ് പ്രസംഗം നീണ്ടു. ഊര്‍ജസ്വലനായി ധനമന്ത്രി ഓരോ പദ്ധതിയും വിഹിതവും വികസനവും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ച് മുന്നേറി. ബജറ്റ് പ്രസഗം രണ്ടേകാല്‍ മണിക്കൂര്‍ പിന്നിട്ടു. ഇതിനിടെയാണ് പ്രതിപക്ഷ നിരയില്‍ തിരയിളക്കം സംഭവിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തേക്ക് പോയി. തിരികെ വന്ന അദ്ദേഹം സ്വന്തം സീറ്റിലിരിക്കാതെ പ്രതിപക്ഷ നിരയുടെ മധ്യത്തിലുള്ള സീറ്റിലിരുന്നു. വി.ഡി സതീശനും പി.ടി തോമസും യുവ എം.എല്‍.എമാരും ഒപ്പം.

ഒരു പേപ്പറുമായി വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്തേക്ക്. ഐസക് പ്രസംഗം തുടരുന്നു. ഇരിപ്പിടത്തില്‍ നിന്നു എഴുന്നേറ്റ ചെന്നിത്തല കൈയിലിരുന്ന പേപ്പറില്‍ നോക്കി ഐസക് വായിക്കുന്നതിന്റെ തുടര്‍ച്ച വായിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാന്‍ സ്പീക്കറുടെ നിര്‍ദേശം. ബജറ്റ് ചോര്‍ന്നെന്ന ആരോപണം ചെന്നിത്തല ഉന്നയിച്ചു.

ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം വാക്ക് പോര് നടത്തി. സ്പീക്കറും മുഖ്യമന്ത്രിയും ഇടപെട്ടിട്ടും പ്രതിപക്ഷം അടങ്ങിയില്ല. പ്രതിപക്ഷ യുവ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്നു. ഇവരെ പിന്നീട് പ്രതിപക്ഷ നേതാവ് തിരിച്ചു വിളിച്ചു.

തോമസ് ഐസക് വീണ്ടും ബജറ്റ് പ്രസംഗം പുനരാരംഭിച്ചു. ആ പ്രസംഗത്തിന് പക്ഷെ പഴയ പ്രസരിപ്പില്ലായിരുന്നു. ഇതിനിടെ ഐസക് വായിക്കുന്ന ഭാഗത്തിന്റെ ബാക്കി പൂരിപ്പിച്ച് പ്രതിപക്ഷ യുവ എം.എല്‍.എമാര്‍ ബഹളം തുടര്‍ന്നു. ഒടുവില്‍ പ്രതിപക്ഷ നേതാവും സംഘവും സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക്. കൂടെ കെ.എം മാണിയും കൂട്ടരും ഒപ്പം ബി.ജെ.പിയുടെ ഒ രാജഗോപാലും ബഹിഷ്‌കരണത്തില്‍ പങ്കാളിയായി.

അകത്ത് ഐസക് പ്രസംഗം തുടരുമ്പോള്‍ പുറത്ത് മീഡിയ റൂമില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ രമേശ് ചെന്നിത്തലയും കക്ഷി നേതാക്കളും ബദല്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. ബജറ്റ് പ്രസഗം എം.ടിയുടെ വാക്കുകളിലൂടെ തന്നെ തോമസ് ഐസക് പൂര്‍ത്തിയാക്കി സീറ്റിലിരുന്നു.

ബജറ്റ് ചോര്‍ച്ചയിലൂടെ ശരിക്കും ഭരണപക്ഷം വെട്ടിലായി. ഐസക് കടുത്ത നിരാശയിലും തളര്‍ച്ചയിലുമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ചോര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ചപ്പോഴും പഴയ ഊര്‍ജസ്വലത നഷ്ടപ്പെട്ടിരുന്നു. ബജറ്റ് ചോര്‍ച്ചയില്‍ പാര്‍ട്ടിക്കുള്ളിലും തോമസ് ഐസക് ഒറ്റപ്പെട്ട നിലയിലാണ്.

വാല്‍കഷണം: മികച്ച ബജറ്റായിരുന്നു. ഐസക് രാജിവെയ്ക്കേണ്ട. എങ്കിലും എം.ടിയുടെ കഥകളില്‍ കഥാപാത്രങ്ങള്‍ സംഭവിക്കുന്നത് പോലെ ദുഖ കഥാപാത്രമായി പോയി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ഇതു പറഞ്ഞത് മറ്റാരുമല്ല പൂഞ്ഞാര്‍ പുലി പി.സി ജോര്‍ജ്.