യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനം ; നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു

വയനാട്ടിലെ യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനങ്ങള്‍ എന്ന് പി.കെ ശ്രീമതി ടീച്ചര്‍ എം.പി .‍ യത്തീംഖാനയലെത്തി കുട്ടികളോടും മാനേജ്മെന്റിനോടും സംസാരിച്ച ശേഷം മാധ്യമങ്ങളെ കണ്ട സമയമാണ് ശ്രീമതി ടീച്ചര്‍ നടന്ന ക്രൂരതകള്‍ വിവരിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ എടുത്ത ശേഷം അത് കാണിച്ചു ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നു. പ്രതികള്‍ എപ്പോ വിളിച്ചാലും പോകേണ്ട സ്ഥിതിയിലായിരുന്നു പെണ്‍കുട്ടികള്‍. കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ തുറന്നു പറയാന്‍ പോലും പറ്റാത്ത അത്ര ഭീകരമായ മാനസികാവസ്ഥയിലാണ് കുട്ടികള്‍ ഇപ്പോള്‍. ഇവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിവെച്ചിരുന്നു. വിളിക്കുമ്പോള്‍ ചെല്ലാതിരുന്നാല്‍ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ വളരെ മോശമായ തരത്തിലാണ് പീഡിപ്പിച്ചത്. ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടികളെ വിധേയരാക്കി. തിരിച്ചറിയല്‍ പരേഡിന് കൊണ്ടു വന്നപ്പോള്‍ പ്രതികളിലൊരാള്‍ കുട്ടിയെ കൈകൊണ്ട് ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. തിരിച്ചറിയല്‍ പരേഡിന് വന്നപ്പോള്‍ പോലും കുട്ടികളെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞത് ഞെട്ടിക്കുന്നതാണ്.
കുട്ടികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിന് വേണ്ടി ഈ യത്തീംഖാനയില്‍ ധാരാളം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിയമപരമായി രൂപീകരിക്കേണ്ട, ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി ഈ സ്ഥാപനത്തില്‍ രൂപീകരിച്ചിരുന്നില്ല. അനാഥരായ കുട്ടികളാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എത്ര പേര്‍ പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമല്ല. സ്ഥാപനത്തിലെ കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സാമൂഹിക നീതി വകുപ്പ് മുന്‍കൈയ്യെടുത്ത് ഇവിടുത്തെ എല്ലാ പെണ്‍കുട്ടികളെയും കൗണ്‍സിലിങിന് വിധേയമാക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു. വ്യവസ്ഥാപിതമായി നടക്കുന്ന സ്ഥാപനത്തില്‍ കൗണ്‍സിലര്‍മാര്‍ ഉണ്ടായിട്ടും കുട്ടികള്‍ രണ്ട് മാസത്തോളമായി അവരോട് കാര്യങ്ങള്‍ പറഞ്ഞില്ല. ഭയം കാരണമാണ് ഇത് സംഭവിച്ചതെന്നും പി.കെ ശ്രീമതി എം.പി പറഞ്ഞു.അതേസമയം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ആറ്​ പ്രതികളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയതായി ഡി.വൈ.എസ്​.പി മുഹമ്മദ്​ ഷാഫി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറസ്​റ്റിലായ പ്രതികള​ുടെ വിവരങ്ങൾ തിരിച്ചറിയൽ പരേഡിനുശേഷമേ വെളിപ്പെടുത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.