വിജിലന്‍സിനെ നിയന്ത്രിക്കണം; ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ല; നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍

കൊച്ചി: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലന്‍സിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നതെന്നും കോടതി.

ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസാണു പരിഗണിച്ചത്. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. അമിതാധികാരം എന്തുകൊണ്ടാണു നിയന്ത്രിക്കാത്തതെന്നാണു ചോദിച്ചതെന്നും കോടതി പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും കോടതി ചോദിച്ചു.

ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിയില്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണ്. അതു കോടതിക്കു തീരുമാനിക്കാനാകില്ല. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ധനകാര്യസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നടപടിവേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.