കുരങ്ങുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന എട്ട് വയസുകാരിയെ കണ്ടെത്തി: ഭാഷകള്‍ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത കുട്ടി മനുഷ്യരെ കാണുമ്പോള്‍ ഓടി ഒളിയ്ക്കുന്നു

ഉത്തര്‍പ്രദേശില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന എട്ടുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. ദേശിയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് പെണ്‍മൗഗ്ളിയെന്ന് വിളിക്കപ്പെടുന്ന ഈ പെണ്‍കുട്ടിയെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.

വന്യജീവി സങ്കേതത്തില്‍ നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് കുരങ്ങുകള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസഥര്‍ കണ്ടെത്തുമ്പോള്‍ കുട്ടി മനുഷ്യരെ കണ്ട് ഓടിയൊളിക്കുന്ന അവസ്ഥയിലായിരുന്നു. പോലീസ് സംഘം ഈ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ അവരുടെ മുന്നില്‍ നിന്ന് ഓടിമറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തികയും സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

മൃഗങ്ങളെ പോലെയാണ് പെണ്‍കുട്ടി നടക്കുന്നതും ഭക്ഷണം കഴിക്കുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡി.കെ.സിങ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ മൃഗങ്ങള്‍ മാന്തിയ പാടുകള്‍ നിരവധിയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കുട്ടി കുറേ നാളുകളായി മൃഗങ്ങളോടൊപ്പമാണ് സഹവസിക്കുന്നതയിടാന് മനസിലാക്കുന്നതിന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കുട്ടി ആരോഗ്യവതിയാണെന്നും സ്വഭാവത്തില്‍ പുരോഗതിയുള്ളതായും അദ്ദേഹം പറഞ്ഞു.

മൃഗങ്ങളെപ്പോലെ ഭക്ഷണം കഴിക്കുന്ന കുട്ടി മനുഷ്യരെ കാണുമ്പോള്‍ ബഹളം വെക്കുകയും, പാത്രങ്ങളില്‍ നല്‍കുന്ന ഭക്ഷണം തറയിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷമാണ് ഭക്ഷിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരേപ്പോലെ പെരുമാറാന്‍ സാധിക്കാത്ത ഈ കുട്ടി ആളുകളെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ചില സമയങ്ങളില്‍ മൃഗങ്ങളെപ്പോലെ കൈകളും നടക്കാനായി ഉപയോഗിക്കുന്നു. ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന ചികിത്സ കൊണ്ട് കുട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതുവളരെ സാവധാനമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ കുട്ടി എങ്ങനെയാണ് കുരങ്ങുകള്‍ക്കൊപ്പം എത്തിയതെന്നോ ഏതു പ്രദേശത്ത് നിന്നുള്ളതാണെന്നോ ഇതുവരെ കണ്ടെത്തിയില്ല. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി കുട്ടിയുടെ ബന്ധപ്പെട്ടവരെ കണ്ടെത്തനാണ് ശ്രമം.