പുറത്ത് തള്ളി അകത്ത് ചേര്‍ത്തു പിടിച്ചു ; സംസാരം നാട്ടുശൈലി, മണിക്ക് പിന്തുണയുമായി നിയമസഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പുറത്ത് തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി നിയമസഭയ്ക്കുള്ളില്‍ മന്ത്രി എം.എം മണിയെ ചേര്‍ത്തു പിടിച്ചു. പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മലക്കം മറിഞ്ഞു ട്രിപ്പിസുകാരന്റെ മെയ്‌വഴക്കം കാട്ടിയത്. മുഖ്യമന്ത്രിയുടെ പുതിയ നിലപാടിലൂടെ മണിക്കെതിരേ പാര്‍ട്ടിത്തലത്തിലും ഒരു നടപടിയും ഉണ്ടാവില്ലെന്ന് ഉറപ്പായി.

ഇന്ന് രാവിലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിലാണ് മണിയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. എന്നാല്‍, മണിയെ പുറത്താക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. മണിയുടെ സംസാരം നാട്ടുശൈലിയാണ് എന്ന പതിവു ന്യായീകരണവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
ഇടുക്കിയിലെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയാവുന്നയാളാണ് മന്ത്രി മണി. മണിയുടെ സംസാരം നാട്ടുശൈലിയാണ്. അതിനെ ചിലര്‍ പര്‍വതീകരിച്ചു കാണിക്കുകയാണ്. മാധ്യമങ്ങളും അതു വളച്ചൊടിച്ചു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മണി മാപ്പു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണിയും നിയമസഭയില്‍ വിശദീകരണം നല്‍കി. സഭയില്‍ വിശദീകരണം നല്‍കാനുള്ള മന്ത്രിയുടെ ശ്രമത്തെ പ്രതിപക്ഷം രണ്ടു തവണ തടസപ്പെടുത്തി. മണി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് വിശദീകരണം നല്‍കാന്‍ അനുവദിക്കുകയായിരുന്നു.

സ്ത്രീകളുടെ കൂട്ടായ്മയുടേതായ ഇടപെടലായിരുന്നു പെമ്പിളൈ ഒരുമൈ എന്നും അതു സംബന്ധിച്ച് എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയായ കാര്യമല്ലെന്നുമായിരുന്നു മണിയുടെ പരാമര്‍ശത്തോടുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, വനിതാ മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം മണിയുടെ പരാമര്‍ശത്തെ തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ കൈക്കൊണ്ടിരുന്നത്. അതിനിടെയാണ് മണിയെ ന്യായീകരിക്കുന്ന നിലപാടുമായി മലക്കം മറിഞ്ഞു മുഖ്യമന്ത്രി നിയമസഭയില്‍ എത്തിയത്.

ഇടുക്കിയിലെ ഭൂപ്രശ്‌നത്തില്‍ സര്‍ക്കാരിനു വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വന്‍കിട തോട്ടം ഉടമകളുടെ കൈയേറ്റം ഒഴിപ്പിക്കും. ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്ല. പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിച്ച രീതി ശരിയായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കൈയേറ്റമൊഴിപ്പിക്കാന്‍ പോലിസിനെ വിളിച്ചില്ലെന്നും പോലീസ് അറിയാതെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈയേറ്റമൊഴിപ്പിക്കല്‍ കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നു സര്‍ക്കാരിനു നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമയവായത്തിലൂടെയും ജനപിന്തുണയിലൂടെയും കൈയേറ്റം ഒഴിപ്പിക്കുമെന്നും കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണുമെന്നും അദ്ദേഹം പറഞ്ഞു.