കൊന്നിട്ടും തീരാത്ത പക ; എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.കെ. രമ

തനിക്കെതിരെ മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.എല്‍.എ കെ.കെ രമ . കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എല്‍.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവര്‍ക്ക്. മുന്‍മന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമര്‍ശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി. കെ.കെ. രമയ്‌ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. എം.എം.മണിയുടെ പ്രസംഗത്തിനെതിരെയാണ് നടപടി.

എം.എം. മണിയുടെ പ്രസ്താവന ക്രൂരവും നിന്ദ്യവുമാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്വി .ഡി. സതീശന്‍ പറഞ്ഞു. പാര്‍ലമെന്ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല ഈ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ”കെ.കെ. രമയെ അപമാനിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. എം.എം.മണിയുടെ ഭാഗത്ത് തെറ്റില്ല. മഹതി എന്ന് വിളിച്ചത് അപകീര്‍ത്തികരമല്ല. ഇപ്പോള്‍ സഭയിലെ പുതിയ പ്രവണത പ്രസംഗത്തിന് ശേഷം ഇറങ്ങിപ്പോകലാണ്. പാര്‍ലമെന്ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല ഇത്”എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.ഇപ്പോള്‍ ഒരു മഹതി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രസംഗിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടേതായ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’ എന്നായിരുന്നു നിയമസഭയില്‍ മണിയുടെ പരാമര്‍ശം.ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് രമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മണിയുടെ അധിക്ഷേപം.