എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ രണ്ടു ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍, നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ ശബാന ഒരു വര്‍ഷത്തിന് മുന്‍പാണ് ദമ്മാമില്‍ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ, മോശം ജോലിസാഹചര്യങ്ങളും വീട്ടുകാരുടെ പെരുമാറ്റവും കാരണം അവര്‍ വീട് വിട്ടിറങ്ങി, വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ടു. എന്നാല്‍ ഇതിനു പ്രതികാരമായി സ്‌പോണ്‍സര്‍ അവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും ഫൈസലിയ ജയിലില്‍ കൊണ്ടുപോയി. പത്തുമാസത്തോളം ശബാനയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നു. കേസ് അവസാനിച്ച ശേഷം ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ തിരികെയെത്തിയ ശബാന, അവിടെ വെച്ച് കണ്ടുമുട്ടിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് നാട്ടിലേയ്ക്ക് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മഞ്ജു ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിനിയായ റഹീമ ബീഗം എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ ശമ്പളം കിട്ടാത്ത അവസ്ഥയും, വീട്ടുകാരുടെ മോശം പെരുമാറ്റവും മൂലം, മൂന്നു മാസങ്ങള്‍ക്ക് ശേഷം ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, നാട്ടുകാരായ ചിലരുടെ സഹായത്തോടെ മറ്റു ചില വീടുകളില്‍ ജോലി ചെയ്തു വരികയായിരുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍, നാട്ടിലേയ്ക്ക് പോകാനായി സഹായം അഭ്യര്‍ത്ഥിച്ചു അവര്‍ മഞ്ജു മണിക്കുട്ടനുമായി ബന്ധപ്പെടുകയും, മഞ്ജുവിന്റെ നിര്‍ദ്ദേശപ്രകാരം പോലീസിന്റെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയുമായിരുന്നു.

മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. ശബാനയ്ക്ക് അവരുടെ ഭര്‍ത്താവും, റഹിമയ്ക്ക് നാട്ടിലെ ബന്ധുക്കളും വിമാനടിക്കറ്റ് അയച്ചു കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.