മഹാരാജാസിലേത്…. അത് മാരകായുധങ്ങള്‍ തന്നെയെന്ന് പോലീസ്: മുഖ്യന്‍ സഭയില്‍ പറഞ്ഞത് പൊളിഞ്ഞു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച നിയമസഭയില്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പോലീസ് തയാറാക്കിയ സെര്‍ച്ച് ലിസ്റ്റിലും എഫ്‌ഐആറിലും കോളജിലെ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്നുള്ള സ്ഥിരീകരണമാണുള്ളത്. സംഭവത്തില്‍ ആയുധ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും.
പ്രതിപക്ഷം നിയമസഭയില്‍ ഈ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചപ്പോള്‍ കോളജില്‍ നിന്നും കണ്ടെടുത്തത് മാരകായുധങ്ങളല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കോളജില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് നിര്‍മാണ സാമഗ്രികള്‍ ആണന്നും മാരകായുധങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരണം നല്‍കുകയും ചെയ്തു.
വിഷയത്തില്‍ മുഖ്യമന്ത്രി സഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കോളജുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.