പാക്കിസ്ഥാനി യുവതിയുമായി പ്രണയം ബംഗ്ലൂരില്‍ മലയാളി യുവാവ് അറസ്റ്റില്‍

പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം മലയാളി യുവാവിനെ ജയില്‍ അഴികള്‍ക്ക് ഉള്ളിലാക്കി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഹബാണ് ബംഗ്ലൂരില്‍ അറസ്റ്റിലായത്. ഇയാളുടെ കൂടെ മൂന്ന് പാക്കിസ്ഥാന്‍ പൌരന്മാരും അറസ്റ്റിലായിട്ടുണ്ട്. കറാച്ചി സ്വദേശികളായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയതിനാണ് അറസ്റ്റ് ഉണ്ടായത്. പിടിയിലായവരില്‍ ഒരു സ്ത്രീയുമായി ഖത്തറില്‍ വച്ച് പ്രണയത്തിലായ മലയാളി മുഹമ്മദ് ഷിഹാബ് വിവാഹം കഴിക്കാനായി ബംഗളൂരുവില്‍ എത്തിയെന്നാണ് നല്‍കിയ മൊഴി. കുടുബത്തിന്റെ എതിര്‍പ്പ് കാരണം സുഹൃത്തുക്കളായ പാകിസ്താനി ദമ്പതികളുടെ സഹായം തേടിയെന്നും നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യക്കാരെന്ന് തെളിയിക്കാന്‍ വ്യാജരേഖകളുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ കേസെടുത്തു. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.