റോമിലെ ഫ്‌ലാറ്റില്‍ വാഴക്കുല വിളയിച്ച് മലയാളി

ജെജി മാന്നാര്‍
റോം: റോമിലെ തന്റെ ഫ്ളാറ്റിലെ ചെറിയ പ്ലോട്ടില്‍ 34-കിലോയുടെ വാഴക്കുല വിളയിച്ച് വിനീത് അറയ്ക്കല്‍ എന്ന മലയാളി. കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യുന്ന പാളയങ്കോടന്‍ വാഴയിനത്തില്‍ നിന്നാണ് ഇത്രയും തൂക്കമുള്ള വാഴക്കുല വിനീത് കുലപ്പിച്ചെടുത്തത്.

മുപ്പതു കൊല്ലം മുന്‍പ് ഇറ്റലിയിലേയ്ക്ക് കുടിയേറിയ വിനീത് പത്തു പതിനഞ്ചു കൊല്ലം മുന്‍പാണ് കൃഷിയില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ചെറുപ്പം മുതലേയുള്ള തന്റെ കൃഷിയോടുള്ള സ്നേഹവുമാണ് വീട്ടുവളപ്പിലെ ചെറിയ സ്ഥലത്ത് ആദ്യമായി വാഴ കൃഷി ചെയ്യാന്‍ പ്രചോദനമായത്. നാട്ടിലെ തന്റെ പുരയിടത്തില്‍ മാവും പ്ലാവും വാഴയും കശുമാവും കൈതച്ചക്കയും സപ്പോട്ടയും നാരകവും കമ്പിളിനാരങ്ങായും അമ്പഴവും സീതപ്പഴവും ആത്തച്ചക്കയും കടച്ചക്കയും തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങളും വളര്‍ത്തി പരിപാലിച്ചുകൊണ്ടിരുന്ന വിനീതിന് റോമിലെ താമസത്തിലും വെറുതെയിരിക്കുവാന്‍ സാധിക്കിലായിരുന്നു.

ആദ്യകാലത്തു വാഴ വളരാന്‍ അല്‍പ്പം മടി കാണിച്ചിരുന്നു എന്ന് വിനീത് പറയുന്നു. നാട്ടിലെപ്പോലെ വാഴയ്ക്ക് രാവിലെയും വൈകീട്ടും വെള്ളം നനച്ചും മറ്റും പാലിപാലിച്ചു പോരുകയും ചെയ്‌തെങ്കിലും ഇറ്റലിയിലെ അതിശൈത്യത്തെ മറികടക്കാന് സാധിച്ചില്ല. എന്നാല്‍ യൂറോപ്പിലെ അതിശൈത്യവും സൂര്യപ്രകാശ ചൂടിന്റെ കുറവും തന്റെ കൃഷിയെ ബാധിക്കാതെ എങ്ങനെ മറികടക്കാം എന്ന അന്വേഷണങ്ങളും തന്റെ നാട്ടറിവുകളും ഒപ്പം നിശ്ചയദാര്‍ഢ്യവും കൃത്യമായ പരിപാലനവും ചേര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് ഘടാഘടിയന്‍മാരായ വാഴകള്‍ കുലച്ചു പൊന്തി. അങ്ങനെ വാഴവെച്ചു മൂന്നാം വര്‍ഷം മുതല്‍ കുലകള്‍ ലഭിക്കുവാന്‍ തുടങ്ങി.

ആദ്യകാലത്തു ചെറിയ കുലകളായിരുന്നു ലഭിച്ചതെങ്കില്‍ പിന്നീടങ്ങോട്ട് വാഴയ്ക്കും വഴക്കുലയ്ക്കും നല്‍കിയ കൃത്യമായ പരിപാലനത്തിലൂടെ വഴക്കുലയ്ക്കു തൂക്കവും വലിപ്പവും വര്‍ധിപ്പിക്കുവാനായെന്നു വിനീത് പറയുന്നു. ഇപ്പോള്‍ ലഭിച്ച വാഴക്കുല കുലച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. അതേസമയം യൂറോപ്പില്‍ എങ്ങും താപനില റെക്കോര്‍ഡ് ഇട്ടു കയറുമ്പോള്‍ കഴിഞ്ഞ ആഴ്ചകളില്‍ താപനില ശരാശരി 30 ഡിഗ്രിക്ക് മുകളില്‍ കയറിയതും വിനീതിന്റെ കുലയ്ക്ക് കേരളത്തിലെ അസല്‍ ഓണ കാഴ്ചക്കുലയുടെ ചന്തം നല്‍കിയിരിക്കുകയാണ്.