അങ്ങനെ സിംഹാസനത്തിലിരിക്കണ്ടെന്ന് കടംകംപള്ളി സുരേന്ദ്രന്‍, വേദിയില്‍ കയറാതെ സന്യാസി ശ്രേഷ്ഠന്‍

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിയ്ക്കായി ഒരുക്കിയ ‘സിംഹാസന’മെടുത്ത് മാറ്റി. പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ സജ്ജീകരിച്ച സിംഹാസനമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പതിവിന് വിപരീതമായി വേദിയില്‍ സിംഹാസനം കണ്ട മന്ത്രി ഇതെന്തിനാണെന്ന് ചോദിച്ചതോടെയാണ് സംഘാടകര്‍ മഠാധിപതിക്കായി ഒരുക്കിയതാണെന്ന് അറിയിച്ചത്.

തടര്‍ന്ന് സിംഹാസനം മന്ത്രി കയ്യോടെ വേദിയില്‍ നിന്ന് സിംഹാസനം പിന്നിലേക്ക് മാറ്റി. സഹായത്തിന് എം.എല്‍.എ. വി.എസ്. ശിവകുമാറിനെ കൂടെ കൂട്ടി. ഒടുവില്‍ മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്റ്റേജില്‍ കയറാതെ പോവുകയും ചെയ്തു. സിംഹാസനം പോയതുകൊണ്ടാണോ എന്തോ, വേദി വേണ്ടെന്ന് സ്വാമികള്‍ അങ്ങ് തീരുമാനിച്ചുവെന്ന് മംഗളം പത്രം ചിത്രസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തെ രാജഗോപാലിനെയും കുമ്മനത്തെയും വേദിയിലിരുത്തി പറയുകയും ചെയ്തു ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്‍.

മന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

‘വളരെ വ്യക്തമായിട്ടു തന്നെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഒരമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും കേരള ഖജനാവിലേക്ക് ഒന്നും വരുന്നില്ല. അതേ സമയം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് അമ്പലങ്ങളിലെയും ഇതര ആരാധനാലയങ്ങളുടേയും വികസന ആവശ്യങ്ങളുടേയും അവിടെ നടക്കുന്ന ഉത്സവ ആവശ്യങ്ങള്‍ക്കും വേണ്ടി, അത് എല്ലാ മതവിഭാഗത്തില്‍പ്പെട്ട ജനങ്ങളുടേയും നികുതിപ്പണം ഉപയോഗിച്ചാണ് ഈ കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത്. ശബരിമലക്ക് മാത്രം 150 കോടി രൂപയാണ് വികസനം നടത്തുന്നതിനു വേണ്ടിയുള്ള ഹൈപവര്‍ കമ്മറ്റിക്ക് നല്‍കിയിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രം, അത് പോലെ പ്രധാനപ്പെട്ട എല്ലാ അമ്പലങ്ങളും. ആ അമ്പലങ്ങളുടെ നടത്തിപ്പ്, ഉത്സവങ്ങള്‍ എല്ലാം തന്നെ, ഗവണ്‍മെന്റ് തന്നെ പ്രധാനപ്പെട്ട ഭാഗമായി നിന്ന് നടത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. പൈങ്കുനി മഹോത്സവത്തിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് അതിന്റെ പ്രധാന ഭാഗമായി നിന്നാണ് നടത്തുന്നത്. ആറ്റുകാല്‍ ഉത്സവം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ 4,5 കോടി രൂപയാണ് ചെലവാക്കുന്നത്. ജനങ്ങളെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പര്യങ്ങളും അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുക എന്ന് പറയുന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ഏറ്റവും ഉത്തരവാദിത്വമാണൈന്ന് കണ്ടുകൊണ്ടാണ്, കടമയും ബാധ്യതയും ആണെന്ന് കണ്ടുകൊണ്ടാണ് അത് ചെയ്യുന്നത്’