കൊച്ചി മെട്രോ യുഡിഎഫിന്റെ കുട്ടിയെന്ന് ചെന്നിത്തല; പ്രതിപക്ഷനേതാവിനേയും ഇ ശ്രീധരനേയും തഴഞ്ഞ സംഭവം മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷണിച്ചാലും ഇല്ലെങ്കിലും കൊച്ചി മെട്രോ യു.ഡി.എഫിന്റെ കുട്ടിയാണെന്നും ചെന്നിത്തല പറഞ്ഞു. മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് പ്രതിപക്ഷ നേതാവിനേയും ഇ ശ്രീധരനേയും ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിക്കവെയാണ് യു.ഡി.എഫിന്റെ കുട്ടിയാണ് കൊച്ചി മെട്രോയെന്ന് ചെന്നിത്തല പറഞ്ഞത്.

ബഹിഷ്‌കരണമല്ലാതെ വേറെയെന്ത് ചെയ്യാന്‍ കഴിയുമെന്ന് തീരുമാനിക്കാന്‍ എറണാകുളത്തെ എം.എല്‍.എമാരുടേയും ജനപ്രതിനിധികളുടേയും യോഗം ഡി.സി.സി. വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കും.

അതേ സമയം മെട്രോ ഉദ്ഘാടന വേദിയിലേയ്ക്ക് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. വേദിയില്‍ ഇരിക്കുന്നവരില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പട്ടിക പുറത്തുവന്നതോടെയാണ് പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടത്.