ടൂറിസ്റ്റ് ഗൈഡിന്‍റെ മുറി ഇംഗ്ലീഷ് കാരണം യുവതിക്ക് നഷ്ടമായത് സ്വന്തം ജീവന്‍

മാഡ്രിഡ് : സുഹൃത്തുക്കള്‍ക്കൊപ്പം സ്‌പെയിന്‍ സന്ദര്‍ശനത്തിനെത്തിയ വെറാ മോള്‍ (17) എന്ന ഡച്ച് പെണ്‍കുട്ടിക്കാണ് ടൂറിസ്റ്റ് ഗൈഡിന്റെ മുറി ഇംഗ്ലീഷ് കാരണം സ്വന്തം ജീവന്‍ നഷ്ടമായത്. സാഹസിക ഇനമായ  ബംഗീ ജംപിനിടെയാണ് പെണ്‍കുട്ടി ധാരുണമായി കൊല്ലപ്പെട്ടത്. ഗൈഡ് No Jump (ചാടരുത്) എന്നു പറഞ്ഞത് പെണ്‍കുട്ടി കേട്ടത് Now Jump (ഇപ്പോള്‍ ചാടുക) എന്നാണ്. ഇത് കേട്ട ഉടന്‍ പെണ്‍കുട്ടി മരണത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ താഴേക്കു ചാടിയ വെറാ മോള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ദുരന്തത്തില്‍ ബംഗീ ജംപിന്റെ സംഘാടകര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. വെറാ മോളിന് പ്രായപൂര്‍ത്തി ആയിട്ടുണ്ടോ എന്ന് ഇന്‍സ്ട്രക്ടര്‍ ഐ.ഡി കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തണമായിരുന്നു. ഗതാഗതത്തിന് ഉപയോഗിക്കുന്ന പാലം ബംഗീ ജംപിന് ഉപയോഗിച്ചത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. 2015-ല്‍ നടന്ന സംഭവത്തില്‍ ഇപ്പോഴാണ് കോടതി വിധി വന്നിരിക്കുന്നത്. അപകടത്തിനു കാരണം ഗൈഡിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിലെ പിഴവാണെന്ന് കോടതി വിധിക്കുകയായിരുന്നു. വെറാ മോള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര സംഘടിപ്പിച്ച ഫ്‌ളോ ട്രാക്ക് കമ്പനിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്.