നടിയും ഗായികയുമായ ബിദിഷ ആത്മഹത്യ ചെയ്ത നിലയില്‍
ഗുരുഗ്രാം: പ്രശസ്ത അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ ഗുരുഗ്രാമിലെ സുഷാന്ത് ലോക് റെസിഡന്‍സ് ഏരിയയിലെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബോളിവുഡില്‍ രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ജഗ്ഗാ ജസൂസ് എന്ന ചിത്രത്തില്‍ ബിദിഷ അഭിനയിച്ചിരുന്നു. അസം സ്വദേശിയായ ഇവര്‍ മിനി സ്‌ക്രീനിലൂടെയാണ് പ്രശസ്തയായത്. നിരവധി സ്റ്റേജ് ഷോകളിലും ബിദിഷ അവതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ബിദിഷയെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് ഇവരുടെ പിതാവ് പൊലീസിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം നല്‍കിയ മേല്‍വിലാസത്തില്‍ നടിയുടെ വാടകവീട്ടില്‍ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് പൊലീസ് വീടിനകത്ത് പ്രവേശിച്ചപ്പോള്‍ ആണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപകാലത്താണ് ബിദിഷ മുംബൈയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് താമസം മാറിയതെന്ന് ഗുരുഗ്രാം ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് സഹറാന്‍ പറയുന്നു.
നടിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും ഭര്‍ത്താവുമായി ബിദിഷയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ബിദിഷയുടെ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നടി താമസിച്ച വീട്ടില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ല.