മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ ഓടിച്ച കാര്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; 8 പേര്‍ക്ക് പരിക്ക്, 6 വാഹനങ്ങള്‍ തകര്‍ന്നു

കൊല്ലം നഗരത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയില്‍ മദ്യലഹരിയില്‍ ആഢംബരകാര്‍ ഓടിക്കവെ മറ്റ് ആറുവാഹനങ്ങളെ ഇടിക്കുകയായിരുന്നു.

ഡോക്ടര്‍ രശ്മി പിള്ളയെയാണു നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടെ ഇവര്‍ പോലീസുകാരോടും മാധ്യമപ്രവര്‍ത്തകരോടും തട്ടിക്കയറി. അപകടത്തില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു.

രാത്രി എട്ടോടെ കൊല്ലം പോളയത്തോട് ജംക്ഷനിലാണു മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ അപകടമുണ്ടാക്കിയത്. ഇവര്‍ ഓടിച്ചിരുന്ന ആഢംബരകാര്‍ മറ്റു വാഹനങ്ങളിലിടിച്ചു മൂന്നുപേര്‍ക്കു പരുക്കേറ്റു. തുടര്‍ന്നു നാട്ടുകാര്‍ വാഹനം തടഞ്ഞപ്പോള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാതില്‍ ലോക്കുചെയ്ത് അകത്തിരുന്ന ഡോക്ടറെ ഏറെപണിപ്പെട്ടാണു പോലീസ് പുറത്തിറക്കിയത്.

പോലീസ് കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. കൊല്ലം ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണു പിന്നീട് ഡോക്ടറെ അറസ്റ്റു ചെയ്തത്. ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. കാറില്‍നിന്നു മൂന്ന് മദ്യക്കുപ്പികള്‍ പോലീസ് പിടിച്ചെടുത്തു.

വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയപ്പോള്‍ കാല്‍ നിലത്തുറയ്ക്കാതിരുന്ന ഇവര്‍ പോലീസുകാരെ അസഭ്യം പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരിന്ന ആണ്‍സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.