രാജ്യന്തര ടി20 കേരളത്തിലേയ്ക്ക് വിരുന്നെത്തുന്നു; വേദിയാവുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
കേരളത്തിലേയ്ക്ക് രാജ്യന്തര ടി 20 എത്തുന്നു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കാണ് രാജ്യാന്തര ട്വന്റി20 മല്‍സരം വിരുന്നെത്തുന്നത്. കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന ഈ വാര്‍ത്ത ബി.സി.സി.ഐയാണ് പുറത്തുവിട്ടത്.
കൊല്‍ക്കത്തയില്‍ നടന്ന ബി.സി.സി.ഐ. ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടെ, കൊച്ചിക്കു പിന്നാലെ കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മാറും.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മല്‍സരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ട്വന്റി20 മല്‍സരം നടത്താനാണ് അനുമതി ലഭിച്ചത്. ഏത് മല്‍സരമാണ് ഇവിടെ നടത്തുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയയാണ് ആദ്യം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ടീം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഏഴു വരെ ന്യൂസീലന്‍ഡും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തും.