ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, യുവിയും, റെയ്‌നയും, പുറത്ത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഏകദിന ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. വെറ്ററന്‍ താരം യുവരാജ് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പിന്നര്‍മാരായ അശ്വിന്‍, ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നീ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചു. കേരള താരം സഞ്ജു സാംസണ്‍ അടക്കമുള്ള പുതുമുഖങ്ങളെ ടീമിലേക്കു പരിഗണിച്ചില്ല. ടീമിനെ തിരഞ്ഞെടുത്ത വിവരം ട്വിറ്ററിലൂടെയാണ് ബി. സി. സി. ഐ അറിയിച്ചത്.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡെ, എം.എസ് ധോണി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വന്ദ്ര ചഹാല്‍, ജസ്പ്രീത് ബൂമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍

ദക്ഷിണാഫ്രിക്കയില്‍ നടന്ന പര്യടനത്തില്‍ ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയതാണ് മനീഷ് പാണ്ഡെ, ശാര്‍ദൂല്‍ ഠാക്കൂര്‍, ചഹാല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ടീമിലെത്താന്‍ തുണയായത്.
എന്നാല്‍, ടീമിലേക്ക് മടങ്ങിവരവ് കാത്തിരിക്കുന്ന സുരേഷ് റെയ്‌നയെ സെലെക്ഷന്‍ കമ്മറ്റി പരിഗണിച്ചില്ല.