ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളെ അഭിനന്ദിച്ചു സത്യ നദല്ലയും സുന്ദര്‍ പിച്ചെയും

പി പി ചെറിയാന്‍

കലിഫോര്‍ണിയ: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി സത്യ നദല്ലയും സുന്ദര്‍ പിച്ചെയും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ വിജയം നേടിയതില്‍ സുപ്രധാന പങ്കുവഹിച്ച ശുഭ്മാന്‍ ഗില്‍, ഋഷഭ് പത്ത്, ചേതേശ്വര്‍ പൂജാര എന്നിവരെയാണ് പേരെടുത്ത് പറഞ്ഞ് ഇരുവരും അഭിനന്ദിച്ചത്.

അവസാന മണിക്കൂറിലെ ഇവരുടെ പ്രകടനമാണ് ഇന്ത്യന്‍ ടീമിനെ ട്രോഫി നേടാന്‍ സഹായിച്ചതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. 2019 ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരം കാണുന്നതിന് അവസരം ലഭിച്ചിരുന്നുവെന്ന് സത്യ നദല്ല അനുസ്മരിച്ചു. ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ എന്നിവര്‍ക്കു ശേഷം എത്തിയ പുതിയ കളിക്കാര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി പിടിക്കുന്നതില്‍ വിജയിച്ചതായി സുന്ദര്‍ പിച്ചെ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ താരങ്ങളും നല്ല പ്രകടനം കാഴ്ചവച്ചതായി ഇരുവരും അഭിപ്രായപ്പെട്ടു.