പ്രസ്‌ക്ലബ് അവാര്‍ഡ് ദാന ചടങ്ങു മന്ത്രി സുനില്‍കുമാര്‍ നിര്‍വഹിച്ചു
ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനത്തിന്റെ സമാപന
സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചു.
ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനത്തില്‍ ഫ്രാന്‍സീസ് തടത്തിലും ലവ്ലി വര്‍ഗീസും ആദരം ഏറ്റുവാങ്ങിയത് വികാര നിര്‍ഭരമായി. ഏറ്റവും അര്‍ഹിക്കുന്ന രണ്ടുപേരെ ആദരിച്ചതു വഴി പ്രസ്‌ക്ലബ് തന്നെ ആദരിക്കപ്പെടുകയും ചെയ്തു. ഇരുവരുടേയും മറുപടി പ്രസംഗങ്ങള്‍ സദസ്സിന്റെ ഹൃദയത്തില്‍ പതിയുന്നതായിരുന്നു.
മാധ്യമ പ്രവര്‍ത്തകനുള്ള പ്രത്യേക പുരസ്‌കാരം ജീമോന്‍ റാന്നി ഏറ്റു വാങ്ങി. സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് മറിയാമ്മ പിള്ള, ബി. മാധവന്‍ നായര്‍ എന്നിവര്‍ക്കു സമ്മാനിച്ചു. സാഹിത്യത്തിനുള്ള പ്രത്യേക പുരസ്‌കാരം സണ്ണി മാളിയേക്കലിനു സമ്മാനിച്ചു. (എന്റെ പുസ്തകം.) ഡാലസില്‍ നിന്നുള്ളപത്രപ്രവര്‍ത്തകനായപി.പി. ചെറിയാനെയും ആദരിച്ചു.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്നിക്കല്‍ എക്സെലന്‍സ് അവാര്‍ഡ് കൈരളി ടിവിയിലെ ബിനു തോമസും ഏഷ്യാനെറ്റ് യു എസ് എ യുടെ ഷിജോ പൗലോസും മന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്നു ഏറ്റ് വാങ്ങി
ബിനു തോമസ് 2008 മുതല്‍ കൈരളി ടിവി യു എസ് എ യുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും ്രൈട സ്റ്റേറ്റ് ബ്യൂറോ ചീഫും ആണ്. അമേരിക്കയിലെ നിര്‍ണായക വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി മികവാര്‍ന്ന ദ്രുശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ബിനു അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ്.
മികച്ച ക്യാമറ ടെക്നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ് ഫോട്ടോഗ്രാഫിയിലും തന്റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ചു.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫൈവ് സ്റ്റാര്‍ ഇലക്ട്രിക് എന്ന എന്‍ജിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു.
ഭാര്യ രാജി, മക്കളായ ജൂലിയ, ജയ്ഡന്‍ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ താമസിക്കുന്നു.
അമേരിക്കയില്‍ നിന്നുള്ള പ്രധാനപെട്ട സംഭവങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ കാണുന്നത് ഷിജോ പൗലോസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് . ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ സീനിയര്‍ ക്യാമറാമാനും പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററുമായ ഷിജോ, ഡോക്ടര്‍ കൃഷ്ണ കിഷോറുമൊത്തു വാര്‍ത്തകള്‍ ഉടനുടന്‍ പ്രേക്ഷകരിലെത്തിക്കുന്നു.
്അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ സമഗ്ര കവറേജ് , തത്സസമയ റിപ്പോട്ടുകള്‍, ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ വാഷിങ്ങ്ടണില്‍ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയ വാര്‍ത്തകള്‍ക്കു കാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കയില്‍ നിന്ന് ആരംഭിച്ച അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷന്‍ ചുമതലയും വഹിക്കുന്നു. ഒപ്പം യു എസ്വീക്കിലി റൗണ്ട്അപ്പിന്റെ നിര്‍മാണ നിര്‍വഹണവും വഹിക്കുന്നു. മികച്ച ക്യാമറാമാനും, പ്രൊഡക്ഷന്‍ വിദഗ്ധനുമായ ഷിജോ പൗലോസ് പത്തു വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രതിഭയാണ്.
ഭാര്യ ബിന്‍സി, മക്കളായ മരിയ, മരിസ്സ എന്നിവര്‍ക്കൊപ്പം ന്യൂ ജേഴ്സിയില്‍ താമസിക്കുന്നു.
പ്രസ് ക്ലബിന്റെ ഉപഹാരം നാട്ടില്‍ നിന്ന് എത്തിയ അതിഥികള്ക്കും സ്‌പൊണ്‍സര്‍മാര്‍ക്കും പ്രസ് ക്ലബ് ഭാരവാഹികള്‍ സമ്മാനിച്ചു.