ലോകം കരഞ്ഞു ഇവളുടെ കണ്ണ് നീര്‍തുള്ളിക്കൊപ്പം; സുഹറ….നീ രാജ്യത്തിന്റെ മകളാണ്

ജമ്മു കശ്മീര്‍: വെടിയൊച്ചകളും രക്ത ചൊരിച്ചിലും പതിവ് കാഴ്ചയായ കാശ്മീര്‍. ഓരോ ദിവസവും വന്നു പോകുന്ന കോടമഞ്ഞിലും രക്തത്തിന്റെ മടുപ്പിക്കുന്ന ഗന്ധമുണ്ടാകും. കാരണം ,ഇന്ത്യയില്‍ ഏറ്റവുമധികം ചോരപൊടിയുന്ന ഇടങ്ങളിലൊന്ന് കശ്മീര്‍ താഴ്വരയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അതിക്രമണങ്ങളായി അനുദിനമുണ്ടാകുമ്പോള്‍ ഇന്ത്യന്‍ സൈന്യം ചെറുത്തു നില്‍പ്പിന്റെ മറ്റൊരു ഹിമവാന്റെ തീര്‍ക്കുന്നു. പിന്നെ ലോകമറിയുന്നത് കശ്മീര്‍ അതിര്‍ത്തി രക്തരൂക്ഷിതമായ വാര്‍ത്തകളാണ്. രാജ്യത്തിന്റെ വീറുറ്റ പോരാളിയായി ശത്രു സൈന്യത്തെ കാലപുരിയിലേക്കയച്ച വീര സൈനികര്‍, ധീരതയോടെ പോരാടി രാജ്യത്തിനു വേണ്ടി വീര മരണം പ്രാപിച്ചവര്‍ അങ്ങനെ എത്രപേര്‍ രാജ്യത്തിന്റെ കണ്ണുനീര്‍ തുള്ളികളായിട്ടുണ്ട്.

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പാക്കിസ്ഥാന്‍ തീവ്രവാദികളാണ് കശ്മീരിനെ എപ്പോഴും അശാന്തമാക്കുന്നത്. അത്തരത്തിലുള്ള ആക്രമണമാണ് ഇപ്പോഴും കശ്മീരില്‍ അരങ്ങേറുന്നത്. പാക് സേനയുടെ ഒത്താശയോടെ അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികളുടെ ആക്രമണം ശക്തമായതോടെ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ വെടിയൊച്ചകള്‍ ഇപ്പോഴും മുഴങ്ങികൊണ്ടേയിരുന്നു.

എന്നാല്‍ വെടിയൊച്ച നിലച്ചപ്പോള്‍ രാജ്യത്തെ കണ്ണീരിലാഴ്ത്തിയത് പൊട്ടിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന സുഹറാ റാഷിദെന്ന കശ്മീരി പെണ്‍കുട്ടിയുടെ ചിത്രമാണ്. സമൂഹമാധ്യങ്ങളില്‍ സുഹറയുടെ ചിത്രം
കണ്ടവരെല്ലാം ആ പെണ്‍കുട്ടിക്കു നല്‍കിയ ആശ്വാസ വായ്പാകള്‍ നല്കിക്കൊണ്ടേയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി അവളുടെ ആ ചിത്രം ചര്‍ച്ചയാകുകയാണ്.

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ അബ്ദുള്‍ റാഷിദിന്റെ മകളാണ് സുഹറ. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് ജമ്മു കാശ്മീര്‍ പൊലീസിലെ അസിസ്റ്റന്റ സബ് ഇന്‍സ്പെക്ടറായ അബ്ദുള്‍ റാഷിദ് തീവ്രവാദികളുടെ വെടിയേറ്റു മരിക്കുന്നത്. ജോലി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുന്ന വഴിയാണ് ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ റാഷിദിന് നേരെ വെടിയുതിര്‍ത്തത്. പ്രത്യാക്രമണം നടത്താനായി തോക്ക് കൈയ്യിലെടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും ആ വീര യോദ്ധാവ് രാജ്യത്തിനായി ബലിയായിരുന്നു.

പിതാവ് രാജ്യത്തിനായി പിടഞ്ഞു വീണതറിയാതെ സുഹറ സ്‌കൂളില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിക്കുകയായിരുന്നു. അച്ഛന്റെ മരണവാര്‍ത്ത അവളെ അത് അറിയിക്കാനുള്ള ആത്മധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. കാര്യങ്ങളൊന്നും അറിയിക്കാതെ അവളെ വീട്ടിലെത്തിച്ച്. പക്ഷെ വീടിനോടു അടുത്ത് വരുമ്പോഴേക്കും ആ കുഞ്ഞ് മനസ്സ് അപകടം മണത്തു. ആ കുഞ്ഞ് മനസ്സു പിടഞ്ഞു തുടങ്ങി, കണ്ണുകള്‍ നിറഞ്ഞൊഴുകി, വീട്ടിലേക്ക് ഓടി കയറിയ അവള്‍ അച്ഛന്റെ നിശ്ചലമായ ശരീരം ഒരു നോക്ക് കണ്ടു. പിന്നെ വിതുമ്പല്‍ നിയന്ത്രണം വിട്ട പൊട്ടിക്കരിച്ചിലായി മാറി. സുഹറയുടെ ഹൃദയം തകരുന്ന വേദന കൂടി നിന്ന ഏവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു. കളി ചിരികള്‍ നിറഞ്ഞ വീടിനെ മൂകതയിലാഴ്ത്തി അബ്ദുള്‍ റാഷിദ് യാത്രയായപ്പോള്‍ കുഞ്ഞ് സുഹറ പിടയുകയായിരുന്നു.

പൊട്ടിക്കരയുന്ന സുഹറയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ സൗത്ത് കാശ്മീര്‍ ഡിജിപി തന്റെ ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചിട്ടു. ”പ്രിയപ്പെട്ട സുഹറ റാഷിദ് നി ഈ രാജ്യത്തിന്റെ മകളാണ്, നിന്റെ കണ്ണുനീര്‍ ഈ രാജ്യത്തിന്റെ കണ്ണുനീരാണ്, ധീരനായ നിന്റെ പിതാവിന്റെ രക്തസാക്ഷിത്വം ഈ രാജ്യത്തിന്റെ ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ എന്നെന്നും സ്മരിക്കപ്പെടും”