വാഹനപരിശോധന നടക്കുമ്പോള്‍ ‘സിഗ്‌നല്‍’ നല്‍കി സഹായിക്കുന്നവരുടെ ശ്രദ്ധക്ക് ; പോലീസ് നിങ്ങളെ ‘സ്‌കെച്ചിട്ടുണ്ട്’

റോഡില്‍ വാഹന പരിശോധന നടക്കുമ്പോള്‍ എതിര്‍ദിശയില്‍ വരുന്നവര്‍ക്ക് ലൈറ്റ് തെളിയിച്ചു കാണിച്ചും ആഗ്യം കാണിച്ചുമൊക്കെ സഹായിക്കുന്നവരാണ് പലരും. എതിര്‍ ദിശയില്‍ നിന്ന് വരുന്നവരെ നേരത്തെ കണ്ടു പരിചയമില്ലെങ്കിലും ‘അങ്ങോട്ട് ഇപ്പോള്‍ പോകരുത് പോലീസ് ചെക്കിങ് നടക്കുന്നുണ്ട്’ എന്ന് ചില ‘സിഗ്‌നലുകള്‍’ വഴി സഹായിക്കാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങള്‍ പലരും പാഴാക്കിക്കളയാറുമില്ല.

എന്നാല്‍ ഇത്തരം സൗജന്യ സഹായ മനസ്‌ക്കര്‍ക്കും ഇനി മുതല്‍ എട്ടിന്റെ പണി നല്‍കാനൊരുങ്ങുകയാണ് പോലീസ്. നിയമ ലംഘനം നടത്തി വാഹനം ഓടിക്കുന്നവരെ പരിശോധനിയില്‍പ്പെടാതെ വഴിതിരിച്ചു വിടാന്‍ സഹായിക്കുന്നവരെ പോലീസ് ‘സ്‌കെച്ചിട്ടു’ തുടങ്ങിയെന്നാണ് വിവരം. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി തൃശൂര്‍ റൂറല്‍ പോലീസ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

സോഷ്യല്‍ മീഡിയയിലൂടെ ട്രാഫിക് മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് പുതിയ ബോധവത്കരണത്തിന് പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്നവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നതിനു മുമ്പ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. തിരക്കിട്ട ജീവിതത്തിനിടയില്‍ സമയത്തിന്റെ വില വളരെ വലുതാണെങ്കിലും, ജീവിതം അതിലേറെ വിലപ്പെട്ടതാണെന്ന മുന്നറിയിപ്പുമായാണ് അമിത വേഗത്തിന്റെ ആപത്തിനെ കുറിച്ച് പൊലീസ് ഓര്‍മപ്പെടുത്തുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കേണ്ടത് സ്വന്തം സുരക്ഷയ്ക്കാണെന്ന തിരിച്ചറിവിലേക്കും സന്ദേശങ്ങള്‍ നീളുന്നു.

ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ നിയമം പാലിച്ച് സുരക്ഷിതമായി യാത്ര ചെയാന്‍ ശ്രമിക്കുമെന്നും, നിയമ ലംഘനം നടത്തുന്നവര്‍ക്ക് പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ നേരെത്തെ നല്കിയിരുന്നതുപോലുള്ള ‘സൗജന്യ സഹായങ്ങള്‍’ നല്‍കില്ല എന്നുമാണ് പോലീസിന്റെ കണക്കു കൂട്ടല്‍.
തൃശൂര്‍ റൂറര്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ പോലീസിന്റെ പേരില്‍ ഫെയ്സ്ബുക്കിന്റെയും,വാട്‌സ് ആപ്പിന്റെയും സഹായത്തോടെയാണ് ബോധവല്‍ക്കരണ പ്രചരണം നടത്തുന്നത്.