കനത്ത മഴ തുടരുന്നു ; തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി ; മലയോരമേഖലകളില്‍ ജാഗ്രത
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഇതിനെ തുടര്‍ന്ന് എംജി സര്‍വ്വകലാശാല, കുസാറ്റ് എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അടുത്ത 48 മണിക്കൂര്‍ നേരം കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. കനത്ത മഴ പല ജില്ലകളിലും കനത്ത ദുരന്തം വിതച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിരിക്കുകയാണ്.
അട്ടപ്പാടിയില്‍ ഉരുള്‍ പൊട്ടലില്‍ നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. അതുപോലെ രാത്രി യാത്രയും ട്രക്കിങും ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോററ്റിയുടെ നിര്‍ദേശം. മലയോര മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് മണി വരെയാണ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് നടപടി.