ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ അയാളുടെ തന്നെ അമ്മ വെട്ടിക്കൊന്നു
ശിവഗംഗ : പെണ്‍കുട്ടികള്‍ക്ക് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റു വങ്ങേണ്ടി വരുന്നത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ്. സ്വന്തം അച്ഛനോ , സഹോദരനോ അടുത്ത ബന്ധുക്കളോ എന്നിങ്ങനെ പോകുന്നു കുറ്റവാളികള്‍. സംരക്ഷിക്കേണ്ട കരങ്ങള്‍ തന്നെ കശക്കിയെറിഞ്ഞ ധാരാളം പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഭയത്തോടെ ഇപ്പോഴും ജീവിക്കുന്നുണ്ട്. പലപ്പോഴും നാണക്കേട് ഭയന്ന് ആരും ഒന്നും പുറത്തു പറയുന്നില്ല. ലൈംഗിക വൈകൃതങ്ങള്‍ കാരണം സ്വന്തം മകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ അമ്മയുടെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇപ്പോഴിതാ തന്‍റെ ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛനെ അയാളുടെ തന്നെ അമ്മ വെട്ടിക്കൊന്നു.
തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ മകളെ പീഡിപ്പിക്കാന്‍ സ്ഥിരമായി ശ്രമിച്ചിരുന്ന വീരസ്വാമി എന്ന 47കാരനെയാണ് അയാളുടെ അമ്മ വെട്ടിക്കൊന്നത്. മൂവരും മാത്രമുള്ള വീട്ടില്‍ മദ്യപിച്ചെത്തുന്ന വീരസ്വാമി മകളെ പീഡിപ്പിക്കാന്‍ പലപ്പോഴായി ശ്രമം നടത്തിയിട്ടുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസവും മദ്യപിച്ചെത്തിയ വീരസ്വാമി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച അമ്മയെയും അയാള്‍ ആക്രമിച്ചു. ഇതോടെയാണ് കയ്യില്‍ കിട്ടിയ അരിവാള്‍ ഉപയോഗിച്ച് മകനെ അമ്മ വെട്ടിയത്. ശരീരത്തിലുടനീളം വെട്ടേറ്റ വീരസ്വാമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി.