ലൈംഗിക പീഡനം ; സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതം അനുമതിയായി പരിഗണിക്കാം : കോടതി

ലൈംഗിക പീഡനക്കേസുകളില്‍ പുരുഷന്മാര്‍ക്ക് ഗുണകരമായ നിരീക്ഷണവുമായി കോടതി. സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതം അനുമതിയായി പരിഗണിക്കാം എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥിനിയായ അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബോളിവുഡ് ചിത്രമായ പിപ്പിലീ ലൈവ് സഹ സംവിധായകന്‍ മുഹമ്മദ് ഫറൂഖിയ്ക്ക് എതിരെയുള്ള കേസിലാണ് കോടതി ഇത്തരത്തില്‍ വ്യക്തമാക്കിയത്. സമ്മതമല്ലെന്ന് തറപ്പിച്ച് പറഞ്ഞില്ലെങ്കില്‍ അത്‌ ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കാണാമെന്നും കോടതി പറയുന്നു. ഇതിനെ തുടര്‍ന്ന്‍ മഹമൂദ് ഫാറൂഖിക്ക് വിചാരണക്കോടതി നല്‍കിയ ഏഴുവര്‍ഷം തടവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കുറ്റവിമുക്തനാക്കിയത്. ഹര്‍ജിക്കാരി നല്‍കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് അഷുതോഷ് കുമാര്‍ നിരീക്ഷിച്ചു. പ്രസ്തുത കേസില്‍ യുവതിയും ഫറൂഖിയും തമ്മില്‍ നേരത്തെ പരിചയം ഉള്ളവരായിരുന്നതിനാല്‍ യുവതി വിസമ്മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് എത്രമാത്രം ശക്തമായിരുന്നുവെന്ന് പറയാനാകില്ലെന്നും, സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതത്തെ അനുമതിയായി പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ അറിയിപ്പ്. പരിചയക്കാരായതിനാലും വെറുതെ ഒരു നോ പറഞ്ഞിരിക്കാമെങ്കിലും അതിനെ പൂര്‍ണമായ ഒരു വിസമ്മതമായി കാണാനാകില്ല.

 

പീഡനം നടന്നിട്ടുണ്ടെങ്കില്‍ അത് പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നും ആരോപണം സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു. പീഡനം നടന്നെന്ന യുവതിയുടെ വാദം വാദം ഫാറൂഖിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ നിഷേധിച്ചു. അത്തരമൊരു സംഭവം പരാതിയില്‍ പറയുന്ന ദിവസം സംഭവിച്ചിട്ടില്ല. പരാതി നല്‍കുന്നതിനുമുമ്പ് ഫാറൂഖി യുവതിക്ക് സന്ദേശം അയച്ചിരുന്നുവെന്ന വാദം പരാമര്‍ശിച്ച്, 2015 ജനുവരിമുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത ഡല്‍ഹി പോലീസിന്റെ അഭിഭാഷകന്‍ പീഡനം നടന്നതായി വാദിച്ചു. ഫാറൂഖിക്ക് ജയില്‍ശിക്ഷ വിധിച്ച വിചാരണക്കോടതി അതിനുള്ള കാരണങ്ങള്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015 മാര്‍ച്ചില്‍ ദക്ഷിണ ഡല്‍ഹിയിലെ വീട്ടില്‍വെച്ച് ഫാറൂഖി പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പരാതിനല്‍കിയത്. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ വിചാരണക്കോടതി ഫാറൂഖിയെ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.