ഓസിസിനെ കീഴടക്കി ഒടുവില്‍ ആ നേട്ടവും ടീം ഇന്ത്യ കൈപ്പിടിയിലാക്കി; അടുത്ത ലക്ഷ്യം ട്വന്റി-20യിലെ ഈ നേട്ടം

ബംഗളൂരു: ഇന്‍ഡോര്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു അപൂര്‍വനേട്ടംകൂടി സ്വന്തമാക്കി. വിജയത്തിനൊപ്പം ഐ.സി.സി ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയ ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിംഗിലും, ഏകദിന റാങ്കിങ്ങിലും ഒരേ സമയം ഒന്നാം സസ്ഥാനം നേടിയിരിക്കുകയാണ്. 2002-ല്‍ ഐ.സി.സി റാങ്കിംഗ് സംവിധാനം കൊണ്ടുവന്നശേഷം ഇതാദ്യമായാണ് ഏകദിനത്തിലും ടെസറ്റിലും ഒരേസമയം ഇന്ത്യ ഒന്നാം റാങ്കിലെത്തുന്നത്. നേരത്തെ വ്യത്യസ്ത കാലയളവില്‍ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഒരേസമയം എത്തിയിട്ടില്ല.

ഏകദിന റാങ്കിംഗില്‍ 120 റേറ്റിംഗ് പോയന്റുമായാണ് 119 പോയന്റുള്ള ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഓസ്‌ട്രേലിയയാണ് മൂന്നാം റാങ്കില്‍. ടെസ്റ്റ് റാങ്കിംഗില്‍ 125 റേറ്റിംഗ് പോയന്റുള്ള ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്വമുണ്ട്. അവിടെയും രണ്ടാണ് സ്ഥാനക്കാര്‍ ദക്ഷിണാഫ്രിക്ക തന്നെയാണ്. പക്ഷെ രണ്ടാം സ്ഥാനത്തുള്ള അവര്‍ക്ക് 110 റേറ്റിംഗ് പോയന്റ് മാത്രമാണുള്ളത്.

ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമന്‍മാരായെങ്കിലും പക്ഷെ ട്വന്റി-20യില്‍ 116 റേറ്റിംഗ് പോയന്റുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 125 റേറ്റിംഗ് പോയന്റുള്ള ന്യൂസിലന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. 121 പോയന്റുമായി പാക്കിസ്ഥാന്‍ രണ്ടാമതാണ്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ട്വന്റി-20 പരമ്പരകള്‍ ജയിച്ചാല്‍ ട്വന്റി-20 റാങ്കിങ്ങിലും ഇന്ത്യക്ക് റേറ്റിംഗ് മെച്ചപ്പെടുത്താന്‍ കഴിയും. ഈ പരമ്പര സ്വന്തമാക്കി ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒന്നാമന്മാരാകാന്‍ ഇന്ത്യക്കു കഴിയുമോ എന്നാണ് ആരാധാകര്‍ ഉറ്റു നോക്കുന്നത്.