ശീമാട്ടിയ്ക്ക് കൊച്ചി മെട്രോയുടെ ‘മധുര’ പൂട്ട് ; അങ്ങനെ വലയ്ക്കാന്‍ നോക്കേണ്ടെന്ന് താക്കീതും
കൊച്ചി: കൊച്ചിയിലെ ശീമാട്ടി വസ്ത്ര വ്യാപാര സമുച്ചയത്തിന് കൊച്ചി മെട്രോയുടെ വക പൂട്ട്. കൊച്ചി മെട്രോയുടെ പാത കടന്നു പോകുന്നതിനു വേണ്ടി എറണാകുളം എം.ജി. റോഡിനു സമീപമുള്ള ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. 35 സെന്റ് സ്ഥലമാണ് 17 കോടി രൂപ നല്‍കി ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ഏറ്റെടുത്തിരുന്നത്.
മൊത്തം തുകയുടെ 80 ശതമാനം ശീമാട്ടി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാക്കി 20 ശതമാനം കൈപറ്റാതെ കേരളത്തിന്റെ സ്വപ്ന പദ്ധതിക്കെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തുകയാണ് ശീമാട്ടി.
2015-16 വര്‍ഷത്തില്‍ കേരളാ ലാന്‍ഡ് റവന്യൂ വിഭാഗം സ്ഥലം ഏറ്റെടുക്കുകയും മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി കെ.എം.ആര്‍.എല്ലിനു കൈമാറുകയും ചെയ്തത്. കഴിഞ്ഞ മാസമാണ് കെ.എം.ആര്‍.എല്‍. ഇവിടുത്തെ പണികള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ തുകയുടെ അവസാന 20 ശതമാനം കൈപറ്റാതെ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാധിക്കുന്ന തടസങ്ങള്‍ ശീമാട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാക്കിക്കൊണ്ടിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും സംസാരിച്ചു തീര്‍പ്പാക്കിയാലും തൊട്ടടുത്ത ദിവസം പുതിയ ഒരു വാദവുമായി ശീമാട്ടി രംഗത്ത് വരുന്നതാണ് മെട്രോയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചതും ഇപ്പോള്‍ ഇങ്ങനെ പണികൊടുക്കാന്‍ തീരുമാനിച്ചതും.
സര്‍ക്കാരിന് വിറ്റ ഈ സ്ഥലത്തു പാര്‍ക്കിംഗ് ഫീസ് പിരിക്കല്‍ ശീമാട്ടി തുടര്‍ന്ന് കൊണ്ടിരുന്നു. അതിനെതിരെ ജനങ്ങളുടെ പ്രതിഷേധവും പതിവായിരുന്നു. ഓരോ വാഹനത്തിനും 500 രൂപയാണ് ശീമാട്ടി പാര്‍ക്കിങ്ങിനായി പിരിച്ചിരുന്നത്, ആ തുക ശീമാട്ടിയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി മുതലാക്കാം എന്ന് മാത്രം. പക്ഷെ സര്‍ക്കാരിന്റെ സ്ഥലത്തു വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ശീമാട്ടിക്ക് എന്തിനാണ് പണം നല്‍കുന്നതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ചോദ്യം.
എന്നാല്‍ ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് മെട്രോയുടെ സ്ഥലം അവര്‍ ഇരുമ്പു വേലികെട്ടി തിരിച്ചു. ഇനി അവിടെ ശീമാട്ടിയിലേക്കു വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല, ഒപ്പം അവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മേല്‍ ശീമാട്ടിക്കു പാര്‍ക്കിംഗ് ഫീസ് പിരിക്കാനും സാധിക്കില്ല. നിലവില്‍ ശീമാട്ടിയിലേക്കുള്ള പ്രധാന വഴി കച്ചേരിപ്പടി ബാനര്‍ജി റോഡിലൂടെയും, എംജി റോഡിലൂടെയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ വാഹനമുള്ളവര്‍ ചിറ്റൂര്‍ വഴി വളഞ്ഞു വേണം ശീമാട്ടിയിലേക്കെത്താന്‍. അല്ലെങ്കില്‍ ബാനര്‍ജി റോഡിലൂടെ വന്നു മെട്രോയ്ക്കു അപ്പുറമുള്ള പഴയ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി മെട്രോയുടെ സമ്മതത്തോടു കൂടി ചെറിയ വിടവിലൂടെ നടന്നു വേണം ശീമാട്ടിയില്‍ എത്താന്‍.
നിലവില്‍ മെട്രോ പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടു നല്‍കിയ ആരും കെ.എം.ആര്‍.എല്ലിനെ ഇതുപോലെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്നാണ് മെട്രോ അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ മറ്റെവിടെയും കാണാത്ത രീതിയില്‍ തങ്ങളുടെ സ്ഥലം മുഴുവനായി അടച്ചു കെട്ടി ഒരു ചെറിയ നടപ്പാത മാത്രം നല്‍കിയാണ് തങ്ങളോട് കാണിച്ച ദ്രോഹങ്ങള്‍ക്കു മെട്രോയുടെ മധുര പ്രതികാരം.