18 പേര്‍ക്ക് സഞ്ചരിക്കാവുന്ന ലിമോസിന്‍ കേളത്തിലെത്തി; കൗതുകം വിട്ടുമാറാതെ കൊച്ചിക്കാര്‍

കേരളത്തില്‍ ആദ്യമായി എത്തിയ ലിമോസിന്‍ കൊച്ചിക്കാര്‍ക്കു കൗതുകമായി. എസ്‌കലേഡ് ലീമോസിന്‍ കാറാണ് കൗതകമുണര്‍ത്തി തലയുയര്‍ത്തി നില്‍ക്കുന്നത്. പഞ്ചാബ് സ്വദേശി ഗുരുദേവ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള കാറാണ് നിരത്തിലിറങ്ങിയത്. ഇറക്കുമതി ചെയ്ത കാര്‍ സാങ്കേതിക തടസ്സം മൂലം ഇന്ത്യയിലെ മറ്റു പോര്‍ട്ടുകളില്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ കൊച്ചിയില്‍ ഇറക്കുകയായിരുന്നു.

എട്ടു മാസത്തോളം പോര്‍ട്ടില്‍ കിടന്ന കാര്‍ കഴിഞ്ഞ ദിവസമാണു താല്‍ക്കാലിക റജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചു നിരത്തിലിറക്കിയത്. കാക്കനാട് കലക്ടറേറ്റിലുള്ള മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ഫാന്‍സി നമ്പറിനായുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

അടുത്ത ചൊവ്വാഴ്ച കൊച്ചിയില്‍ നിന്ന് പഞ്ചാബിലേക്കു വാഹനം കൊണ്ടുപോകും. പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത വാഹനം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തുന്നത്. ലോകത്തെ ഏറ്റവും നീളമുള്ള കാറെന്നു വിശേഷിപ്പിക്കാവുന്ന ലീമോസിന്‍ കാറുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. 38 അടി നീളമുള്ള കാര്‍ കൊച്ചിയില്‍ നിരത്തിലൂടെ പോകാന്‍ നന്നേ പാടുപെടുന്നുണ്ട്. ഒരേസമയം 18 പേര്‍ക്കു സഞ്ചരിക്കാവുന്ന അത്യാഡംബര കാറാണ് ഇത്.

ഡ്രൈവര്‍ക്കു പ്രത്യേക കാബിന്‍ സംവിധാനം കാറില്‍ ഉണ്ട്. കംപ്യൂട്ടര്‍ സംവിധാനവും ടി.വി, സറൗണ്ടിങ് മ്യൂസിക് സിസ്റ്റം, മിനി ബാര്‍, വാഷ് ബേസിന്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.