മോദിക്കായി മീററ്റില്‍ ക്ഷേത്രം പണിയുന്നു;100 അടിയുള്ള വിഗ്രഹമടക്കം ക്ഷേത്രത്തിന് പ്രേത്യകതകളേറെ
മീററ്റ്: രാജ്‌കോട്ടില്‍ ക്ഷേത്രം നിർമിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മീററ്റില്‍ വീണ്ടും ക്ഷേത്രമൊരുങ്ങുന്നു. മീററ്റിലെ സര്‍ദാനയിലാണ് മോദി ക്ഷേത്രമൊരുങ്ങുന്നത്. മോദി ഭക്തനായ റിട്ട. ജലവകുപ്പ് ഉദ്യോഗസ്ഥനായ ജെ.പി സിംഗാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
100 അടിയുള്ള വിഗ്രഹമായിരിക്കും ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയെന്ന് സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോദി തങ്ങള്‍ ദൈവമായാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍ തങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനായി ക്ഷേത്രം പണിയുന്നത്. ഇതിനായി അഞ്ച് ഏക്കര്‍ സ്ഥലം സര്‍ദാനയില്‍ താന്‍ വാങ്ങിയിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി. ഈ മാസം 23-ന് ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത് ഷായാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നത്.
20 ലക്ഷം രൂപയാണ് ക്ഷേത്രനിര്‍മാണത്തിനായി സിംഗ് കണ്ടെത്തിയിരിക്കുന്നത്. താന്‍ സ്വരൂപിച്ച പണത്തെ സംബന്ധിച്ചിടത്തോളം തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് മോദി ക്ഷേത്ര നിര്‍മാണം.ബാക്കിയുള്ള തുക മോദി വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് സ്വരൂപിക്കുമെന്നും ഇദ്ദേഹം അറിയിച്ചു. മീററ്റിലെ ടൂറിസം സാധ്യതയും കണക്കിലെടുത്താണ് ക്ഷേത്ര നിര്‍മാണം. ക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും സിംഗ് പറയുന്നു.