2026ല്‍ സമൂഹത്തില്‍ സമാധാനവും ഐശ്വര്യവും നിറയട്ടെ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകമെമ്പാടും 2026-നെ ആവേശപൂര്‍വ്വം വരവേല്‍ക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന വര്‍ഷം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും നല്‍കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ പങ്കുവെച്ചത്. ‘എല്ലാവര്‍ക്കും ഉജ്ജ്വലമായ ഒരു 2026 ആശംസിക്കുന്നു. വരാനിരിക്കുന്ന വര്‍ഷം ഏവര്‍ക്കും ആരോഗ്യവും ഐശ്വര്യവും നല്‍കട്ടെ. നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയത്തിലെത്താനും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ സമൂഹത്തില്‍ സമാധാനവും സന്തോഷവും എന്നും നിലനില്‍ക്കട്ടെ,’ അദ്ദേഹം കുറിച്ചു.
മറ്റൊരു സന്ദേശത്തില്‍, വ്യക്തിത്വ വികാസത്തിന് ആവശ്യമായ ഗുണങ്ങളെക്കുറിച്ചുള്ള ശ്രീമദ് ഭാഗവതത്തിലെ ശ്ലോകവും അദ്ദേഹം പങ്കുവെച്ചു. അറിവ്, നിസംഗത, ഐശ്വര്യം, ധീരത, ശക്തി, സ്മരണ, സ്വതന്ത്ര്യം, വൈഭവം, ക്ഷമ, മൃദുത്വം തുടങ്ങിയ ഗുണങ്ങള്‍ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2026 പുതിയ പ്രതീക്ഷകളുടെയും ദൃഢനിശ്ചയങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും വര്‍ഷമാകട്ടെയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നേരത്തെ, രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രാജ്യത്തിന് പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു. 2026 ഭാരതത്തെ കൂടുതല്‍ കരുത്തുറ്റതും വികസിതവുമാക്കാന്‍ പുതിയ ഊര്‍ജം പകരട്ടെയെന്ന് അവര്‍ ആശംസിച്ചു.
വിപുലമായ ആഘോഷങ്ങളോടെയാണ് രാജ്യം പുതുവര്‍ഷത്തെ വരവേറ്റത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് ആളുകളാണ് പ്രധാന നഗരങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ഒത്തുചേര്‍ന്നത്. വരാനിരിക്കുന്ന വര്‍ഷം വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും പുതിയ അധ്യായങ്ങള്‍ തുറക്കുമെന്ന പ്രത്യാശയിലാണ് രാജ്യം.









