പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍: ഇതു സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിലവില്‍ ഈ പദ്ധതികളില്‍ ചേര്‍ന്നിരിക്കുന്ന ഉപഭോക്താക്കള്‍ ഈ വര്‍ഷം ഡിസംബര്‍ 31ന് മുന്‍പായി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

ധനമന്ത്രാലയം നാല് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇക്കാര്യത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഈ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.